X

ജി.എസ്.ടി പണി പാളി; ഈ വര്‍ഷം പ്രതീക്ഷിച്ച നികുതി വരുമാനം ഉണ്ടാകില്ല

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി) നടപ്പാക്കിയതിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച രീതിയിലുള്ള നികുതി വരുമാനം ലഭിക്കില്ലെന്ന് വിലയിരുത്തല്‍. എക്‌സൈസ് – കസ്റ്റംസ് വിഭാഗമാണ് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത്. ചരക്കു സേവന നികുതി നടപ്പാക്കിയതിലുള്ള പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ചെയര്‍പേഴ്‌സണ്‍ വനജ എന്‍ സര്‍ണ പറഞ്ഞു. കസ്റ്റംസ് സംഘടിപ്പിച്ച ഹാഫ് മാരത്തണിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചടങ്ങില്‍ സംബന്ധിച്ചു.

2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ കസ്റ്റംസ് നികുതിയിനത്തിലും ജി.എസ്.ടിയിലൂടെയും 9.68 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്രയും വരുമാനം ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. ജി.എസ്.ടി നടപ്പാക്കിയതിനെതുടര്‍ന്ന് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറു മാസമെങ്കിലും എടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനു ശേഷം മാത്രമേ നികുതി വരുമാനം പ്രതീക്ഷിച്ച രീതിയിലേക്ക് വരൂവെന്നും കസ്റ്റംസ് വിഭാഗം വ്യക്തമാക്കുന്നു.
നികുതി അടക്കുന്നതിലെ പാളിച്ചകളുടെ പേരില്‍ വ്യാപാരികള്‍ക്കു മേല്‍ ആദ്യ മൂന്നു മാസത്തേക്ക് പിഴ ചുമത്തേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും ധനമന്ത്രാലയത്തിനു കീഴിലെ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചു വരികയാണ്. കയറ്റുമതിക്കാര്‍ക്കുള്ള റീഫണ്ട് ഇനത്തില്‍ ഇതുവരെ 200 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും വനജ എന്‍ സര്‍ണ പറഞ്ഞു.

chandrika: