ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ആശ്വാസമായി ജി.എസ്.ടി കൗണ്‍സില്‍ നടപടി. നിര്‍മാണത്തിലുള്ള ഫഌറ്റുകള്‍ക്കും വീടുകള്‍ക്കും 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി ജി.എസ്.ടി കുറച്ചു. ചെലവു കുറഞ്ഞ വീടുകള്‍ക്കും ഫഌറ്റുകള്‍ക്കുമുള്ള ജി.എസ്.ടി എട്ടു ശതമാനത്തില്‍നിന്ന് ഒരു ശതമാനമായും കുറച്ചിട്ടുണ്ട്. 2019 ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. 45 ലക്ഷത്തില്‍ താഴെ ചെലവു വരുന്ന, മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്ററിലും മെട്രോ ഇതര നഗരങ്ങളില്‍ 90 ചതുരശ്ര മീറ്ററിലും താഴെയുള്ള വീടുകള്‍ക്കാണ് ജി.എസ്.ടി ഒരു ശതമാനമായി കുറയുക. ഈ വിഭാഗത്തിന് നേരത്തെ എട്ടു ശതമാനമായിരുന്നു നികുതി. ഇതിനു മുകളിലുള്ള, നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകള്‍ക്കാണ് അഞ്ചു ശതമാനം ജി.എസ്.ടി ബാധകമാവുക. നേരത്തെ 12 ശതമാനമായിരുന്നു ഈ വിഭാഗത്തിന് നികുതി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലകള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു. അതേസമയം നിര്‍മാണം പൂര്‍ത്തിയായി, വില്‍പ്പനക്കായി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വീടുകള്‍ക്കും ഫഌറ്റുകള്‍ക്കും നികുതിയിളവ് ബാധകമാവില്ല. ലോട്ടറി നികുതി ഏകീകരണം ഇന്നലേയും ചര്‍ച്ചക്കു വന്നതായും മന്ത്രിതല സമിതി പ്രത്യേകം യോഗം ചേര്‍ന്ന് ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.