X
    Categories: CultureMoreNewsViews

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ തന്ത്രവുമായി കേന്ദ്രം; 23 ഇനങ്ങളുടെ ജി.എസ്.ടി കുറച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ 23 ഇനങ്ങളുടെ ജി.എസ്.ടി നിരക്കില്‍ കുറവ് വരുത്തിയാണ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ട്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി കുറക്കാന്‍ ധാരണയായത്. ടി.വി സ്‌ക്രീനുകള്‍, സിനിമാ ടിക്കറ്റുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവയാണ് പ്രധാനമായും വില കുറയുന്ന ഉല്‍പന്നങ്ങള്‍.

പുതിയ തീരുമാനം വഴി പ്രതിവര്‍ഷം 5,500 കോടി രൂപയുടെ വരുമാന നഷ്ടം പ്രതീക്ഷിക്കുന്നതായി ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജി.എസ്.ടി പ്രകാരമുള്ള ഏറ്റവും കൂടിയ നികുതി നിരക്കായ 28 ശതമാനത്തില്‍നിന്ന് ഏഴ് ഉത്പന്നങ്ങളെ ഒഴിവാക്കിയതായും ഇതോടെ 28 ശതമാനം നികുതി എന്നത് ഇനി 28 ഉത്പന്നങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകമെന്നും ധനമന്ത്രി പറഞ്ഞു. 28 ശതമാനം നികുതി എന്നത് സാവധാനം ഇല്ലാതാകും. സിമന്റിന്റെ നികുതി കുറക്കുകയാണ് ജി.എസ്.ടി കൗണ്‍സിലിന്റെ അടുത്ത ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലക്ഷ്വറി വാഹനങ്ങള്‍, വാഹന ഭാഗങ്ങള്‍, സിമന്റ് എന്നിവയാണ് പ്രധാനമായും 28 ശതമാനം നികുതി ഈടാക്കുന്ന ഉല്‍പന്നങ്ങള്‍.

നൂറു രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായാണ് കുറച്ചത്. നൂറു രൂപക്കു മുകളിലുള്ള ടിക്കറ്റിന് ഇനി 18 ശതമാനമായിരിക്കും നികുതി. നേരത്തെ 28 ശതമാനമായിരുന്നു. 900 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ മാത്രം പ്രതീക്ഷിക്കുന്നത്. 32 ഇഞ്ച് വരെയുള്ള ടെലിവിഷന്‍ സ്‌ക്രീനുകള്‍, കമ്പ്യൂട്ടര്‍ മോണിട്ടറുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവയുടെ നികുതി 18 ശതമാനമായി നിജപ്പെടുത്തി. നേരത്തെ 28 ശതമാനമായിരുന്നു.

തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകളുടെ നികുതി അഞ്ച് ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നികുതി 12 ശതമാനവുമായി കുറച്ചു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഹജ്ജ് യാത്രാ ചെലവ് കുറയാന്‍ തീരുമാനം സഹായകമാകും. ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. 2019 ജനുവരി ഒന്നു മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: