തിരുവനന്തപുരം: ജി.എസ്.ടി നടപ്പായിട്ട് ഒന്നരമാസം കഴിയുമ്പോളും ജി.എസ്.ടി വകുപ്പിന്റെ(പഴയ വാണിജ്യനികകുതി വകുപ്പ്) പ്രവര്‍ത്തനത്തില്‍ ആശയക്കുഴപ്പം. സംസ്ഥാനമൊട്ടാകെ നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയാത്തതിന്റെ കാരണവും വകുപ്പിലെ ഈ അനിശ്ചിതത്വമാണ്. പേര് മാറ്റിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പഴയപേരിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ച കാര്യങ്ങളില്‍ ഒരു വ്യക്തതയും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജി.എസ്.ടി നെറ്റ് വര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമാക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ഉദ്യോഗസ്ഥരുടെ പദവി മാറിയെങ്കിലും ഇപ്പോഴും ബോര്‍ഡില്‍ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി തുടരുന്നു. വാണിജ്യ നികുതി വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പേരും മാറ്റിയിട്ടുണ്ട്. ജി.എസ.്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എന്ന പേരിലായിരിക്കും ഇനി പ്രവര്‍ത്തിക്കേണ്ടത്. വകുപ്പിലെ ആശയക്കുഴപ്പം കാരണം വ്യാപാരികളും ഉപഭോക്താക്കളും നെട്ടോട്ടമോടുകയാണ്.
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജി.എസ.്ടി ബാധകമാക്കിയതോടെ മത്സ്യഫെഡ് വായ്പയെടുത്ത് വള്ളവും വലയും വാങ്ങാനിരുന്നവര്‍ പ്രതിസന്ധിയിലായി. ഇതുവരെയും നികുതിയില്ലാതിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് 14 മുതല്‍ 28 ശതമാനം വരെയാണ് ജി.എസ.്ടി. എന്‍ജിന് 28 ശതമാനവും നൂലിനും വലക്കും 14 ശതമാനവുമാണ് ജി.എസ്.ടി. ജി.എസ്.ടി ചുമത്തിയതോടെ ഉപകരണം വാങ്ങാന്‍ വായ്പത്തുക മതിയാകാത്ത സ്ഥിതിയാണ്. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘങ്ങള്‍ വഴിയാണ് മത്സ്യഫെഡ് വായ്പ നല്‍കുന്നത്. ഒരു തൊഴിലാളിക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ കിട്ടും. പുതിയ വിലയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ 40,000 രൂപ സ്വന്തം നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തണം.
മത്സ്യത്തിന്റെ കുറവും വള്ളങ്ങള്‍ പരിപാലിക്കാനുള്ള ഉയര്‍ന്ന ചെലവും തൊഴിലാളികളെ കടക്കെണിയിലാക്കിയിരിക്കുകയാണ്. നിലവിലെ വായ്പ അടച്ചു തീര്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നവരാണ് പുതുതായി വായ്പയെടുക്കുന്നത്. വസ്തു ഈടിന്‍മേലാണ് മത്സ്യഫെഡില്‍ നിന്നു വായ്പ നല്‍കുന്നത്. സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തി നേരത്തെ വായ്പയെടുത്തവര്‍ ബന്ധുക്കളുടെ വസ്തു ഈടിന്‍മേലാണ് പുതിയ വായ്പയെടുക്കുന്നത്.
ഇവരെയെല്ലാം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ജി.എസ.്ടി പരിഷ്‌കാരം. ജി.എസ്.ടി നടപ്പാക്കുന്നതിലെ അവ്യക്തത മരുന്ന് വിപണിയെയും പ്രതിസന്ധിയിലാക്കി. ചില മരുന്നുകള്‍ക്ക് വില വര്‍ധിച്ചു. ചില മരുന്നുകള്‍ വിപണിയില്‍ കിട്ടാതായി. നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചത് വ്യാപാരികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. പല മരുന്നുകള്‍ക്കും 20 ശതമാനം മുതല്‍ മുതല്‍ 30 രൂപ വരെ വില വര്‍ധിച്ചു.