X
    Categories: MoreViews

ജി.എസ്.ടി: ഉപഭോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലായതോടെ നിത്യോപയോഗ സാധനങ്ങളുടെ നികുതിയില്‍ ഉണ്ടായ കുറവ്, ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത ഉല്‍പാദകര്‍ക്കെതിരെ നടപടി. വിലയില്‍ കുറവു വരുത്തുന്നതില്‍ ഉല്പാദകര്‍ വീഴ്ച വരുത്തുന്നതായി ഉപഭോക്താക്കളുടെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്നാണ് കണ്‍ട്രോള്‍ റൂം തുറന്നത്.
കേന്ദ്ര നിയമമായ ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റി ചട്ടം 2011 പ്രകാരം പായ്ക്ക് ചെയ്ത ഉല്പന്നങ്ങള്‍ വിതരണത്തിനായി അയച്ചിട്ടുള്ള ഉല്പാദകരും ഇറക്കുമതി ചെയ്തതോ അല്ലാത്തതോ ആയ ഉല്പന്നങ്ങള്‍ പായ്ക്കറ്റിലാക്കി സംസ്ഥാനത്ത് വില്‍ക്കുന്നവരും നികുതി ഉള്‍പ്പെടെയുള്ള പരമാവധി വില്‍പ്പന വില ഉല്പന്നത്തിന്റെ പായ്ക്കറ്റിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ബാധ്യസ്ഥരാണ്. ജൂലൈ ഒമ്പതിന് മുമ്പ് വാറ്റ് നിയമപ്രകാരം വിറ്റഴിക്കാന്‍ സാധിക്കാതെ സ്റ്റോക്കില്‍ ഇരിക്കുന്ന ഉല്പന്നങ്ങളുടെ നികുതിയില്‍ വന്നിട്ടുള്ള വ്യത്യാസം മൂലം വിലയില്‍ വന്നിട്ടുള്ള മാറ്റം പായ്ക്കറ്റില്‍ പ്രത്യേകം പതിപ്പിക്കുവാന്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരം നികുതിയില്‍ വന്നിട്ടുള്ള കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറാതെ എം.ആര്‍.പി വിലയിലും അധികമായി ഈടാക്കുവാന്‍ തയ്യാറാകുന്ന വ്യാപാരികള്‍ക്കെതിരെയും ഉല്പാദകര്‍ക്കെതിരെയും കേസെടുക്കും.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുതിയ നികുതിയുടെ അടിസ്ഥാനത്തില്‍ കുറവു വന്ന വില വിവരം എല്ലാ വിപണനശാലകളിലും തയ്യാറായിട്ടുണ്ട്. എം.ആര്‍.പി വിലയില്‍ തിരുത്തല്‍ വരുത്തുന്ന ഉല്പാദകര്‍ പഴയ വില മറയ്ക്കാതെ വേണം പുതിയ വില പ്രദര്‍ശിപ്പിക്കുവാന്‍. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ഉപഭോക്തൃകാര്യ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

chandrika: