X
    Categories: MoreViews

തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം വ്യാപാരികള്‍ക്ക് നല്‍കിയതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജി.എസ്.ടി നിലവില്‍ വന്നതോടെ കോഴിവില 15 രൂപ വരെ കുറയേണ്ടതാണ്. എന്നാല്‍ 103 രൂപയ്ക്കൊപ്പം 15 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്. കോഴിയിറച്ചി വില നിശ്ചയിക്കുന്നത് ഒരു സംഘമാണ്. ഇതിനെ സര്‍ക്കാര്‍ വെല്ലുവിളിയായി കാണുന്നു. തിങ്കളാഴ്ച മുതല്‍ ഒരു കിലോ കോഴിക്ക് 87 രൂപക്കു മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല.
കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് കോഴി വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. അയല്‍ സംസ്ഥാനത്ത് നിന്ന് വരുന്ന കോഴിക്ക് വില കൂടിയെന്നാണ് ഇതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. തുടര്‍ന്നാണ് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജി.എസ്.ടിയുടെ മറവില്‍ കൊള്ളലാഭമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരത്തില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്ന സാഹചര്യം വന്നാല്‍ പൗര ബോധമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇടപെടണമെന്നും തോമസ് ഐസക് പറഞ്ഞു.
കെപ്കോ വില കുറച്ച് വില്‍ക്കുന്നുണ്ട്. കെപ്കോയുടെ വില്‍പ്പനയും കോഴിക്കുഞ്ഞ് ഉത്പാദനവും വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് ആവശ്യമായ പണം വകയിരുത്തും. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴി വളര്‍ത്തലിനുള്ള പദ്ധതിയും തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിന് അന്തിമ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

chandrika: