ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ഘടന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നികുതി അഞ്ചു ശതമാനവും പരമാവധി നികുതി 28 ശതമാനവുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച്, 12, 18, 28 എന്നീ നാലു തലങ്ങളിലായാണ് നികുതി ഘടന. ആഢംബര കാറുകള്‍ക്കും പാന്‍മസാല, ശീതള പാനിയങ്ങള്‍ എന്നിവയ്ക്കും സെസ് ചുമത്താനും തീരുമാനമായി.
ഇതോടെ ആഢംബര കാറുകള്‍ക്കും ശീതളപാനീയങ്ങള്‍ക്കും സെസ് അടക്കം 40 ശതമാനമാകും നികുതി. പുകയില ഉല്‍പന്നങ്ങള്‍ക്ക് സെസ് അടക്കം 65 ശതമാമായിരിക്കും പുതിയ നികുതി. അതേ സമയം സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ നികുതി ഘടന. അവശ്യസാധനങ്ങളെ ജി.എസ്.ടി നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും. ഭക്ഷ്യധാന്യങ്ങളെ ജി.എസ്.ടിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ആവശ്യപ്പെടുന്ന വസ്തുക്കള്‍ക്ക് നികുതി അഞ്ചു ശതമാനമായി നിലനിര്‍ത്തിയതോടെ ടിവി, ഫ്രിഡ്ജ്, എ.സി എന്നിവയുടെ വില കുറയുമെന്നാണ് പ്രതീക്ഷ. ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.
നിലവില്‍ 30-31 ശതമാനം നികിതി (വാറ്റ്+ എക്‌സൈസ് നികുതി) ഉള്ള സാധനങ്ങളാണ് ഉയര്‍ന്ന നികുതി സ്ലാബിന്റെ പരിധിയില്‍ വരികയെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സെസ് ചുമത്തിയതിലൂടെ ലഭിക്കുന്ന അധിക വരുമാനം ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനായി ഉപയോഗിക്കും. അതേ സമയം അഞ്ചു വര്‍ഷത്തിനു ശേഷം സെസ് അസാധുവാകുന്നതാണെന്നും ജെയ്റ്റ്‌ലി അറിയിച്ചു.
കേന്ദ്ര, സംസ്ഥാന നികുതികള്‍ക്കു പകരമായി ജി.എസ്.ടി നടപ്പിലാക്കുന്നതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ആദ്യ വര്‍ഷം 50,000 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സേവന നികുതി 15 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയരുമെന്ന് റവന്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയ അറിയിച്ചു. നേരത്തെ ആറ്, 12, 18, 26 എന്നിങ്ങനെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നികുതി സ്ലാബ് നിര്‍ദേശിച്ചിരുന്നതെങ്കിലും ജി.എസ്.ടി കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് നേരിയ മാറ്റത്തോടെ അംഗീകരിക്കുകയായിരുന്നു.
അതേ സമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന നികുതി 40 ശതമാനം എന്ന നിര്‍ദേശം സമവായത്തിലൂടെയാണ് 28 ശതമാനമായി നിശ്ചയിച്ചത്. എന്നാല്‍ സ്വര്‍ണത്തിന് നാല് ശതമാനം ജി.എസ്.ടി എന്ന കേന്ദ്ര നിര്‍ദേശം ജി.എസ്.ടി കൗണ്‍സിലില്‍ അന്തിമ തീരുമാനമായില്ല. ജി.എസ്.ടി നിരക്ക് സംബന്ധിച്ച ബില്ല് അംഗീകാരത്തിനായി ഈ മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നടപ്പിലാക്കുന്നതിനായി ബില്ലുകള്‍ക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.