മ്യുണിച്ച്: ജര്‍മന്‍കാര്‍ ഒന്നടങ്കം പറയുന്നു-ബലന്‍ഡിയോറിന് അര്‍ഹന്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയല്ലാതെ മറ്റാരുമില്ല. പിന്നെ എന്ത്് കൊണ്ട് ആ വലിയ പുരസ്‌ക്കാരം ലിയോ മെസിക്ക് കിട്ടി…? ജര്‍മന്‍ പത്രമായ ബ്ലിഡ് പറയുന്നു-ഇത് ഗുഢാലോചനയാണ്. മെസിക്ക് വേണ്ടി നടത്തിയ ഗുഢാലോചനയെന്നാണ് പത്രം പറയുന്നത്. 2020 ല്‍ ആര്‍ക്കും കോവിഡിന്റെ പേരില്‍ ബലന്‍ഡിയോര്‍ നല്‍കിയില്ല. ആ വര്‍ഷം എന്ത് കൊണ്ടും പുരസ്‌ക്കാരത്തിന് അനുയോജ്യനായി ലെവന്‍ഡോവിസ്‌ക്കിയുണ്ടായിരുന്നു. 2021 ലും ഗോള്‍ വേട്ടയില്‍ ബയേണ്‍ മ്യുണിച്ചുകാരനായിരുന്നു ഒന്നാമന്‍. എന്നിട്ടും അദ്ദേഹം രണ്ടാമനായത് വിശ്വസിക്കാനാവില്ലെന്നാണ് 1990 ല്‍ ഈ പുരസ്‌ക്കാരം സ്വന്തമാക്കിയ ജര്‍മന്‍ താരം ലോത്താര്‍ മത്തേവുസ് പറയുന്നത്.
മെസിയെ ബഹുമാനിക്കുന്നു. നോമിനേഷന്‍ ലഭിച്ച എല്ലാ മികച്ച താരങ്ങളെയും ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തവണ അതിന് ലെവന്‍ഡോവിസ്‌ക്കിയേക്കാള്‍ അര്‍ഹനായ മറ്റൊരാള്‍ ഇല്ല. 2020 ലും ലെവന്‍ഡോവിസ്‌ക്കി കരുത്തനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് കൊടുത്തില്ല. ഇത്തവണ അദ്ദേഹം ജെറാര്‍ഡ് മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്തു. പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഏറ്റവുമധികം ഗോളുകള്‍ കരസ്ഥമാക്കി. എന്നിട്ടും രണ്ടാമനായത് വിശ്വസിക്കാനാവുന്നില്ലെന്ന് മത്തേവുസ് പറഞ്ഞു. അവസാന വര്‍ഷം ഫിഫയുടെ ബെസ്റ്റ് പുരസ്‌ക്കാരം ലെവന്‍ഡോവിസ്‌ക്കിക്കായിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ 33 കാരന്‍ തയ്യാറായില്ല.