X

അര്‍ജന്റീനയിലെ ഡിബാലയുടെ വിധിയാകുമോ, ബാഴ്‌സയില്‍ ഗ്രീസ്മാനും ?

ദിബിന്‍ ഗോപന്‍

ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണക്ക് വേണ്ടി ബൂട്ടണിയുക എന്നത്. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ബാര്‍സ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം ഗ്രീസ്മാനെയും അജാക്‌സില്‍ നിന്ന് നെതര്‍ലാന്റ് താരം ഡീജോങിനെയും ടീമിലെത്തിച്ച് പുതിയ സീസണ് ടീം തയ്യാറാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നു.

ടീം ശക്തമാണ്. ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ഗ്രീസ്മാനും കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ച ഡീജോങും ടീമിലെത്തുമ്പോള്‍ എതിര്‍ ടീമുകള്‍ തീര്‍ച്ചയായും പ്രതിരോധത്തിലാവും. എന്നാല്‍ മൈതാനത്ത് ടീമിന്റെ ആദ്യ ഇലവനെ അണിനിരത്താന്‍ കോച്ചാവും ബുദ്ധിമുട്ടുക.

രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനയുടെ മുന്നേറ്റ താരം പൗലോ ഡിബാല അനുഭവിക്കുന്ന പ്രശ്‌നം ബാര്‍സയില്‍ ഗ്രീസ്മാനും അനുഭവിക്കാന്‍ സാധ്യതയുണ്ട്. രണ്ട് പേരും മികച്ച താരങ്ങള്‍ തന്നെയാണ് എന്നാല്‍ മെസി എന്ന സൂപ്പര്‍ താരത്തിന് അവസരം നല്‍കാതിരിക്കുക എന്നത് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത കാര്യമാണ്.

നിലവില്‍ മെസി ബാര്‍സയുമായി കരാര്‍ പുതുക്കിയിട്ടില്ല. നെയ്മറിനെ ടീമില്‍ എത്തിക്കണം എന്ന ആവശ്യത്തില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്. മെസിയുടെ സമ്മര്‍ദത്തിന് വഴങ്ങി മാനേജ്‌മെന്റ് നെയ്മറിനെ ടീമിലെത്തിക്കാനും സാധ്യതകളുണ്ട്. ആരൊക്കും ടീമിലെത്തിയാലും മാനേജ്‌മെന്റിന് വ്യക്തമായി അറിയാം മെസി തന്നെയാണ് നിലവില്‍ ബാര്‍സയുടെ മുഖമെന്ന്.

മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ക്ലബ്ബുകള്‍ മത്സരിക്കുമ്പോള്‍ അവരുടെ ഭാവി പകരക്കാരുടെ ബെഞ്ചില്‍ മാത്രമായി പോവരുത്. കക്ക എന്ന ബ്രസീലിയന്‍ താരത്തെ ആരും മറന്ന് കാണില്ല. ബ്രസീലിന് വേണ്ടി മികച്ച രീതിയില്‍ കളിച്ചിരുന്ന കക്കയെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുകയും പകരക്കാരുടെ ബെഞ്ചിലെ സ്ഥിരം സാന്നിധ്യമായി മാറിയതോടെ അദ്ദേഹത്തിന് നഷ്ടമായത് തന്റെ ഫുട്‌ബോള്‍ ജീവിതം തന്നെയായിരുന്നു. ഇനിയൊരു കക്കയെ കാണാന്‍ ഫുട്‌ബോള്‍ ലോകം ആഗ്രഹിക്കില്ല.

Test User: