X

ഗ്രീസ്മാന്‍ ഇനി മെസിക്കൊപ്പം

മാഡ്രിഡ്:256 മല്‍സരങ്ങള്‍. 133 ഗോളുകള്‍. 50 ഗോള്‍ അസിസ്റ്റുകള്‍. 2014-15 ല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ്, 2017-18 ല്‍ യൂറോപ്പ ലീഗ് കിരീടം, 2018-19 ല്‍ യുവേഫ സൂപ്പര്‍ കപ്പ്……. അത്‌ലറ്റികോ മാഡ്രിഡ് കുപ്പായത്തില്‍ കസറിയ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്‍ കൂട് മാറുന്നത് മേല്‍പ്പറഞ്ഞ നേട്ടങ്ങളുമായി. ലോകകപ്പ് ജേതാവിന്റെ പുതിയ ലാവണം ബാര്‍സിലോണ. ദിവസങ്ങള്‍ക്ക്് മുമ്പ് നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ബാര്‍സിലോണ ലിവര്‍പൂളിനോട് നാല് ഗോളിന് തകര്‍ന്ന ശേഷമുള്ള ചര്‍ച്ചകളില്‍ ലിയോ മെസി മുന്‍വെച്ച പേരാണ് ഗ്രിസ്മാന്‍. ആ പേരിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഫിലിപ്പോ കുട്ടീന്യോ എന്ന ബ്രസീലുകാരന്‍ ബാര്‍സ സംഘത്തില്‍ ഗ്രീസ്മാന് വേണ്ടി വഴിമാറുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷവും ബാര്‍സിലോണയിലേക്ക് ചേക്കേറാന്‍ ഗ്രിസ്മാന്‍ ശ്രമിച്ചിരുന്നു. അന്ന് നിയമങ്ങള്‍ പുലിവാലായി. പിന്നെ ലോകകപ്പ് സീസണും. ഇനി മാറ്റമില്ലെന്നാണ് ഗ്രിസ്മാന്‍ ഇന്നലെ ഫേസ്ബുക്ക്് വഴി പരസ്യമായി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കോച്ച് ഡിയാഗോ സിമയോണി, അത്‌ലറ്റികോ മാഡ്രിഡ് അധികാരികള്‍ എന്നിവരോട് സംസാരിച്ചതിന് ശേഷമായിരുന്നു ഗ്രിസ്മാന്‍ സമൂഹ മാധ്യമത്തിലുടെ താന്‍ ബാര്‍സയിലേക്ക് പോവുന്ന കാര്യം പരസ്യമാക്കിയത്. ആരാധകരോട് നന്ദിയുണ്ടെന്നും എല്ലാവരുടെയും സ്‌നേഹത്തോട് കൂടിയാണ് പുതിയ താവളത്തിലേക്ക് പോവുന്നതെന്നും ഗ്രിസ്മാന്‍ പറഞ്ഞു. ശനിയാഴ്ച്ച സ്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ ലാവന്തെക്കെതിരെയായിരിക്കും അത്‌ലറ്റികോ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ അവസാന മല്‍സരം.

web desk 1: