തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.
കോളജ് പ്രിന്‍സിപ്പല്‍ (സര്‍വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി)ചെയര്‍പേഴ്‌സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്നിവരും സമിതിയിലുണ്ടാകും.