രാജ്യാന്തര തലത്തില്‍ നിരവധി വേദികളില്‍ പ്രത്യേകിച്ച് മുസ്ലിം വേദികളില്‍ നിറഞ്ഞുനിന്ന പിതാവിന്റെ മകന്‍ എന്നതിലുപരി പൊതുപ്രവര്‍ത്തനരംഗത്ത് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച സുലൈമാന്‍ ഖാലിദ്. മുസ്ലിം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സുലൈമാന്‍ ഖാലിദ് അറുപതുകളുടെ അവസാനവും എഴുപതുകളിലും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും പ്രത്യേകശ്രദ്ധാകേന്ദ്രമായിരുന്നു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മികവ് അന്ന് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. വിദ്യാര്‍ഥികള്‍ക്കു വേണ്ടി സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നിരവധി കൂട്ടായ്മകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. രാഷ്ട്രീയപരമായി വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിന് ഒപ്പം ധിഷണാ പരമായി വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. എം എസ് എഫ് എറണാകുളം ജില്ലാ പ്രസിഡണ്ട് ആയിരിക്കെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്.
മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തി എന്ന നിലയിലും സുലൈമാന്‍ ഖാലിദിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഐക്യത്തിനുവേണ്ടി മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗവുമായും നിര്‍ണായക ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രസംഗിക്കാന്‍ ലഭിക്കുന്ന എല്ലാ വേദികളിലും മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. വിദ്യാര്‍ഥികളിലും യുവജനങ്ങളിലും സമുദായ ഐക്യത്തിന്റെ് പ്രാധാന്യം മനസ്സിലാക്കാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു
എണ്‍പതുകളിലും തൊണ്ണൂറുകളിലും പ്രചാരത്തിലുണ്ടായിരുന്ന ഇംഗ്ലീഷ് മാസികയായ ക്രസന്റ്ിന്റെ് പ്രിന്ററും പബ്ലിഷറും പത്രാധിപരും ആയിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെ കര്‍മ്മനിരതരാകാന്‍ ഈ മാസിക വഴിയും ശ്രമങ്ങള്‍ നടത്തി .മുസ്ലിം ലീഗിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നക വഴിയും അദ്ദേഹം നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. മുസ്ലിം ലീഗിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന വേദിയായി തന്നെയാണ് ഇംഗ്ലീഷ് മാസികയായ ക്രസന്റും അറിയപ്പെട്ടത്.
മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷനായിരുന്ന മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ എന്നതിലുപരി അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു സുലൈമാന്‍ ഖാലിദ്. പിതാവിന്റെ എല്ലാ രാഷ്ട്രീയ തീരുമാനങ്ങളിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സുലൈമാന്‍ സേട്ടിന്റെ മകന്‍ എന്നതിലുപരി പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന റോളായിരുന്നു അന്ന് അദ്ദേഹത്തിന് ചേര്‍ന്നിരുന്നത്. എന്നാല്‍ വലിയ ഒരു നേതാവിന്റെ വലിയ മകനായി അറിയപ്പെടുന്നതിനപ്പുറം സ്വന്തം നിലയില്‍ പൊതുപ്രവര്‍ത്തകന്‍ ആയി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. സുലൈമാന്‍ സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ച അതിന്റെ ദേശീയ പ്രസിഡണ്ട് ആയപ്പോള്‍ സുലൈമാന്‍ ഖാലിദ് ദേശീയ സെക്രട്ടറി ആയിരുന്നു. പിതാവിന്റെ മരണശേഷം സുലൈമാന്‍ ഖാലിദിന്റെ മുസ്ലിംലീഗ് ലേക്കുള്ള തിരിച്ചുവരവും സംഭവബഹുലമായിരുന്നു. മുഴുവന്‍ പരിവാരങ്ങളോടെയുമാണ് അദ്ദേഹം മുസ്ലിം ലീഗില്‍ തിരിച്ചെത്തിയത്.
സൗമ്യമായ പെരുമാറ്റം കൊണ്ടും ഹൃദ്യമായ ഇടപെടലുകള്‍ കൊണ്ടും മുഴുവന്‍ ജനങ്ങളുടെയും മനസ്സിലാണ് സുലൈമാന്‍് ഖാലിദിന്റെ സ്ഥാനം എന്നതില്‍ സംശയമില്ല