കെ.ബി.എ. കരീം കൊച്ചി
സംസ്ഥാനത്ത് കോര്‍പ്പറേറ്റ് വല്‍ക്കരണവും സ്വകാര്യ കുത്തക വല്‍ക്കരണവും സാധ്യമാകുന്ന തരത്തില്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ സിപിഎമ്മിന്റെ നയത്തില്‍ യൂടേണ്‍. സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള വികസന നയരേഖയിലാണ് ഇതു വരെ അനുവര്‍ത്തിച്ചിരുന്ന പാര്‍ട്ടി നയത്തിന് വിരുദ്ധമായി പുതിയ സമീപനം വ്യക്തമാക്കുന്നത്. നവ കേരളവികസനം സംബന്ധിച്ച് പിണറായി വിജയന്‍ അവതരിപ്പിച്ച പാര്‍ട്ടി രേഖയിലെ സ്വകാര്യവല്‍ക്കരണവും വിദേശ മൂലധന നിക്ഷേപം സ്വീകരിക്കലും പൂര്‍ണ്ണമായും ന്യായീകരിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തുകയും ചെയ്തു.
പാര്‍ട്ടി നയങ്ങളില്‍ നയപരമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും പണ്ടേ ഉണ്ടായ നിലപാട് പ്രായോഗികതലത്തില്‍ കൊണ്ടു വരാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും പുതിയ സമീപനത്തെ കോടിയേരി ന്യായീകരിച്ചു. സ്വകാര്യ മൂലധനം ആവാമെന്ന് 1956ല്‍ തന്നെ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് ഭരണകൂടവും അംഗീകരിച്ചിരുന്നതാണ്. അന്ന് അത് ആരും സ്വീകരിച്ചില്ല.സോവിയറ്റ് യൂണിയന്‍ രൂപംകൊണ്ട കാലത്ത് തന്നെ ലെനിന്‍ വിദേശമൂലധനം ക്ഷണിച്ച കാര്യവും കോടിയേരി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ നിലപാട് ഫലപ്രദമായി നടപ്പാക്കാന്‍ അന്ന് കഴിഞ്ഞില്ല.
അതുകൊണ്ടുതന്നെ സ്വകാര്യ മൂലധന നിക്ഷേപം പുതിയ കാര്യവും നയവും അല്ല. കേരളത്തില്‍ സിപിഎമ്മിന് തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആധുനിക വല്‍ക്കരണത്തിന് ഉചിതമായ സമയമായത്. വായ്പാ നയത്തില്‍ ഉള്‍പ്പെടെ ഇന്നത്തെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്. വികസനരംഗത്ത് കുതിച്ചുചാട്ടത്തിന് ഇത് അനിവാര്യമാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതായിരുന്നില്ലേ പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം എന്ന ചോദ്യത്തിന് സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശാക്തീകരിക്കുന്ന നടപടി തുടരുമെന്ന് കോടിയേരി പറഞ്ഞു.
തുടര്‍ ഭരണം നല്‍കിയതുവഴി കേരളത്തിലെ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. പശ്ചാത്തല സൗകര്യ വികസനമേഖലയില്‍ നിരവധി ദൗര്‍ലഭ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ഇവയെല്ലാം തിരുത്തി മുന്നേറേണ്ടതുണ്ട്. 25 വര്‍ഷം കൊണ്ട് വികസിത, മധ്യ വരുമാന രാജ്യങ്ങള്‍ക്ക് സമാനമായ തരത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട ഇടപെടലുകളും നടത്തണം. ഇതിന് ഉന്നത വിദ്യാഭ്യാസ മേഖല അടക്കം ശാക്തീകരിക്കേണ്ടതുണ്ട്.
ശാസ്ത്രപുരോഗതിയും സാങ്കേതികവിദ്യയും പൂര്‍ണമായും ഉല്‍പ്പാദന മേഖലയില്‍ ഉപയോഗപ്പെടുത്തുകയും വേണം. ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള സ്വകാര്യവല്‍ക്കരണം പാര്‍ട്ടി അംഗീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.ഇന്നത്തെ നിലയില്‍ കേരളത്തില്‍ വ്യവസായങ്ങളോ മറ്റ് സംരംഭങ്ങളോ നിലനില്‍ക്കുകയില്ല. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആധുനികവല്‍ക്കരണം അനിവാര്യമാണ്. കേന്ദ്രത്തിന്റെ നയങ്ങള്‍ സാമ്പത്തിക അവസ്ഥയെ വന്‍തോതില്‍ പ്രതിസന്ധിയിലാക്കുകയും കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമല്ലാത്ത രീതിയില്‍ വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും ഈ വഴിയിലാണ് നീങ്ങുന്നതെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണിക്ക് തുടര്‍ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത വിഭാഗങ്ങള്‍ ഏകീകരിച്ചാണ് ഈ നയങ്ങള്‍ക്കെതിരെ പ്രചരണം അഴിച്ചുവിടുന്നത്.
വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ചാല്‍ മാത്രമേ ഇത്തരം പുരോഗതികള്‍ നടപ്പാക്കാനാകൂ. സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താല്‍പര്യത്തിന് വിരുദ്ധമായി ഒരു നിക്ഷേപവും സ്വീകരിക്കില്ല. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം ഇപ്പോഴുമുണ്ട്. കൂടുതല്‍ സ്വകാര്യനിക്ഷേപം ഈ രംഗത്തും ഉണ്ടാകേണ്ടത് അനിവാര്യമാണ് എന്നും കോടിയേരി വ്യക്തമാക്കി.