X

ഗ്രീന്‍ഫീല്‍ഡ് പാത; ഹിയറിംഗ് പൂര്‍ത്തിയായി; പങ്കെടുത്തത് മുവായിരത്തിലേറെ ഭൂവുടമകള്‍

പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്കായി മലപ്പുറം ജില്ലയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രീ ഡി വിജ്ഞാപനത്തിന് ശേഷം ഇക്കഴിഞ്ഞ ഒന്നിനു ആരംഭിച്ച ഭൂവുടമകളുടെ ഹിയറിംഗ് പൂര്‍ത്തിയായി.

വിവിധ വില്ലേജുകളില്‍ നിന്നായി 3022 ഭുവുടമകള്‍ പുതിയ പാതക്കായി ഏറ്റെടുത്ത ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള രേഖകളുമായി ഹിയറിംഗിന് ഹാജരായി. വാഴക്കാട് വില്ലേജിലാണ് ഏറ്റവുമധികം ഭൂവുടമകള്‍ പങ്കെടുക്കേണ്ടത്. 504 ഭൂവുടമകള്‍ പങ്കെടുക്കേണ്ട വാഴക്കാട്ടു നിന്നു 408 പേര്‍ ഹിയറിംഗിനെത്തി. മറ്റു വില്ലേജുകളിലെ പങ്കെടുക്കേണ്ടവരുടെയും പങ്കെടുത്തവരുടെയും കണക്കുകള്‍ : അരീക്കോട് : 404-343, ചീക്കോട് : 237-179, വാഴയൂര്‍ : 135-85, മുതുവല്ലൂര്‍ : 276-215, പോരൂര്‍ : 104-94, ചെന്പ്രശേരി : 233-207, വെട്ടിക്കാട്ടിരി : 115-102, എടപ്പറ്റ : 139-113, കരുവാരക്കുണ്ട് : 139-104, തുവൂര്‍ : 293-285, എളങ്കൂര്‍ : 266-228, കാരക്കുന്ന് : 287-263, കാവനൂര്‍ : 201-265, പെരകമണ്ണ : 135-131. നിര്‍ദിഷ്ഠ ഭൂമിയില്‍ വ്യാപാര സ്ഥാപനം നടത്തുന്നവരും ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു.

ഇന്നലെ 307 ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കി. പൂര്‍ണമായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് സമയം അനുവദിച്ചു. മലപ്പുറം ജില്ലയില്‍ 52 കിലോമീറ്റര്‍ ദൂരത്തില്‍ 238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 212 ഹെക്ടര്‍ ഭൂമിയാണ് ത്രീ ഡി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടത്.

ബാക്കി 26 ഹെക്ടര്‍ഭൂമിയുടെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഹിയറിംഗിനെത്താനാകാതെ പോയ 546 പേര്‍ക്ക് ഇനി മഞ്ചേരി കച്ചേരിപ്പടിയിലെ കാര്യാലയത്തിലെത്തി രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം അവസാനത്തോടെ നഷ്ടപരിഹാര തുക നിര്‍ണയം പൂര്‍ത്തിയാക്കും.

നാളെ ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഫണ്ടിന് വേണ്ടിയുള്ള പദ്ധതി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടില്‍ തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം അധികൃതര്‍. അടുത്ത മാസം അവസാനത്തോടെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കാനാണ് ശ്രമം.

 

webdesk14: