X

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: ഭൂ വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് എം.എല്‍.എമാര്‍

മലപ്പുറം: ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാന വില (ബി.വി.ആര്‍) നിര്‍ണയിച്ചതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ നിയമത്തെ അവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്ന അവസ്ഥയാണെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട വില നിര്‍ണയം മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയാക്കിയതെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ദേശീയ പാത നിലമേറ്റെടുപ്പ് ) ഡോ. ജെ.ഒ അരുണ്‍ യോഗത്തില്‍ അറിയിച്ചു. ഭൂമി വിലനിര്‍ണയത്തില്‍ പരാതിയുള്ളവര്‍ക്ക് ആര്‍ബിട്രേറ്ററെ സമീപിക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

ദേശീയ പാത 66 നവീകരണവുമായി ബന്ധപ്പെട്ട് രണ്ടത്താണി, കുറ്റിപ്പുറം ഭാഗങ്ങളിലെ ജനങ്ങളുടെ പരാതിയില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ പട്ടയ വിതരണം വേഗത്തിലാക്കണമെന്നും ഇതിനായി പ്രത്യേകം കര്‍മപരിപാടി ആവിഷ്‌കരിക്കണമെന്നും നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ജില്ലയിലുടനീളം വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ പൂര്‍വ്വസ്ഥിതിയാലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ലഭിച്ച അപേക്ഷകള്‍ അതത് വകുപ്പുകള്‍ പെട്ടെന്നു തന്നെ തീര്‍പ്പാക്കണമെന്നും റോഡ് കട്ടിങുമായി ബന്ധപ്പെട്ട ഏകോപനത്തിനായി വകുപ്പുകള്‍ ഓരോ മാസവും അവലോകന യോഗം ചേരണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആദിവാസി കോളനികളില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. പൊന്നാനി നിളയോര പാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി തിരൂര്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ യോഗത്തില്‍ ചുമതലപ്പെടുത്തി. വിദ്യാലയ പരിസരങ്ങളിലെ ലഹരി വിപണന, ഉപഭോഗം തടയുന്നതിനായി ആഗസ്റ്റ് മാസത്തില്‍ ജില്ലയിലുടനീളം നടത്തിയ സംയുക്ത പരിശോധനയുടെ ഫലമായി 2683 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് യോഗത്തില്‍ അറിയിച്ചു.

ജില്ലാ പ്ലാനിങ് ഓഫീസ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, സബ്കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍ കുമാര്‍ യാദവ്, എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, വിവിധ എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

webdesk11: