X

മഹാജയം

 

നാഗ്പ്പൂര്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല… ലങ്കക്കാര്‍ വിരാത് കോലിയെ മാത്രമല്ല രവിചന്ദ്രന്‍ അശ്വിനെയും രവീന്ദു ജഡേജയെയും ഇശാന്ത് ശര്‍മ്മയെയുമെല്ലാം അങ്ങ് ബഹുമാനിച്ചു… വെയിലിന്റെ കാഠിന്യത്തേക്കാള്‍ ശീതീകരണ മുറിയിലെ ആശ്വാസത്തിലേക്ക് നടന്നു നീങ്ങിയ ലങ്കക്കാര്‍ ഇന്ത്യക്ക് നല്‍കിയത് ഒരു അധിക ദിവസത്തെ വിശ്രമം. ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി പല സീനിയേഴ്‌സിനും വിശ്രമം നല്‍കിയ ഇന്ത്യ ലങ്ക വഴി ലഭിച്ച ഈ അധികദിവസത്തിനും നന്ദി പറയുന്നു. നാലാം ദിവസം ലങ്കന്‍ രണ്ടാം ഇന്നിംഗ്‌സ് 166 ല്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് ഇന്നിംഗ്‌സിനും 239 റണ്‍സിനും. ലങ്കക്കെതിരെ ഇന്ത്യ നേടുന്ന വലിയ ടെസ്റ്റ് വിജയങ്ങളിലൊന്ന്. നായകന്‍ വിരാത് കോലിയുടെ ഡബിള്‍ സെഞ്ച്വറിയിലും രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവരുടെ സെഞ്ച്വറികളിലും വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയപ്പോള്‍ തന്നെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ആ പ്രതീക്ഷകളെ തകിടം മറിക്കാനുളള ഊര്‍ജ്ജം ലങ്കക്കില്ലായിരുന്നു. പക്ഷേ വിജയം തടസ്സപ്പെടുത്താന്‍ ക്ഷമയോടെ കളിച്ചാല്‍ അവര്‍ക്കാവുമായിരുന്നു. പക്ഷേ നാലാം ദിവസം തുടക്കത്തില്‍ തന്നെ ക്ഷമ പോയിട്ട് ചെറുത്തുനില്‍ക്കാനുളള ത്രാണി പോലും ഇല്ലെന്ന് വ്യക്തമാക്കി ഒന്നിന് പിറകെ ഒന്നായി മുന്‍നിരയും മധ്യനിരയും കൂടാരം കയറി. 61 റണ്‍സ് സ്വന്തമാക്കിയ നായകന്‍ ദിലിപ് ചണ്ഡിമാല്‍ മാത്രം ഒരറ്റം കാത്തപ്പോള്‍ ടീമിലെ അടുത്ത ടോപ് സ്‌ക്കോറര്‍ 31 റണ്‍സ് നേടിയ പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ ലക്മാലായിരുന്നു.പിച്ച് അപകടകാരിയായിരുന്നില്ല- ബാറ്റ്‌സ്മാന്മാരുടെ സമീപനമായിരുന്നു വില്ലന്‍. ഇന്ത്യയുടെ വലിയ സ്‌ക്കോറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന പ്രഖ്യാപനം നടത്തിയത് പോലെയായിരുന്നു രാവിലെ മുതല്‍ ലങ്കന്‍ ബാറ്റിംഗ് പ്രകടനം. സ്‌ക്കോര്‍ബോര്‍ഡ് തുറക്കും മുമ്പ് തന്നെ സമരവിക്രമ മൂന്നാം ദിവസം പുറത്തായെങ്കില്‍ 34 ല്‍ കരുണരത്‌നെ മടങ്ങി. ആഞ്ചലോ ഡി മാത്യൂസ് എന്ന മുന്‍ നായകന്റെ അനുഭവസമ്പത്തായിരുന്നു അതീജീവനത്തിന്റെ പ്രധാന കാതല്‍. പക്ഷേ 43 പന്തുകള്‍ മാത്രമാണ് അദ്ദേഹം നേരിട്ടത്. ആക്രമണ ബാറ്റിംഗില്‍ വിശ്വാസമുള്ള മാത്യൂസ് പത്ത് റണ്‍സാണ് നേടിയത്. ചാണ്ഡിമലിന് പിന്തുണ നല്‍കാന്‍ ആരുമില്ലാത്ത ഘട്ടത്തില്‍ അശ്വിന്റെ പന്തുകല്‍ തീ തുപ്പി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളറായി അദ്ദേഹം മാറിയതിന് ലങ്കക്കാരോട് നന്ദി പറയണം. മുത്തയ്യ മുരളീധരന്റെ നാട്ടുകാരില്‍ പലര്‍ക്കും സ്പിന്നിനെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയില്‍ രവീന്ദു ജഡേജയുടെ പാര്‍ട്ട് ടൈം ലെഫ്റ്റ് ആം സ്പിന്നും നായകന്‍ ഉപയോഗപ്പെടുത്തി. ജഡേജക്ക് ലഭിച്ചത് മൂന്ന് വിക്കറ്റ്. ഇഷാന്ത് ശര്‍മ്മക്കും രണ്ട് ഇരകളെ ലഭിച്ചു. മൂന്ന് മല്‍സര ടെസ്റ്റ് പരമ്പരയിലെ കൊല്‍ക്കത്താ ടെസ്റ്റ് മഴയില്‍ കുതിര്‍ന്ന് ലങ്കന്‍ ഭാഗ്യത്തില്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ നാഗ്പ്പൂരില്‍ ആധികാരികമായാണ് ഇന്ത്യ ജയിച്ചതും പരമ്പരയില്‍ മുന്നിലെത്തിയതും.

chandrika: