X

ഗ്രേറ്റ് നിക്കോബാർ പദ്ധതി; വെട്ടിമാറ്റേണ്ട മരങ്ങളുടെ എണ്ണം സർക്കാർ കുറച്ചുകാണിച്ചു, പദ്ധതി താത്‌കാലികമായി നിർത്തിവെക്കണം: കോണ്‍ഗ്രസ്‌

ഗ്രേറ്റ് നിക്കോബാർ സംയോജിത വികസന പദ്ധതിക്കായി 8.5 ലക്ഷം മരങ്ങൾ വെട്ടിമാറ്റുമെന്ന പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അവകാശവാദം കള്ളമാണെന്നും പ്രദേശത്ത് അതിൽ കൂടുതൽ മരങ്ങൾ മുറിക്കേണ്ടിവരുമെന്നും കോൺഗ്രസ് എം.പിയും ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ്.

6,500 ഹെക്ടറോളം വരുന്ന ഈ വനമേഖലയുടെ 50 ശതമാനം മാത്രമേ യഥാർത്ഥത്തിൽ വനനശീകരണത്തിന് വിധേയമാകൂവെന്നും 8.5 ലക്ഷം മരങ്ങൾ മുറിക്കുമെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അവകാശപ്പെടുന്നതായി ജയറാം രമേശ് പറഞ്ഞു. ഇത് അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ദ്വീപായ ഗ്രേറ്റ് നിക്കോബാറിൻ്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി. ഇന്ത്യയുടെ നാവിക ശേഷി വർധിപ്പിക്കുന്ന തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനലുകൾ, ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ടുകൾ എന്നിവയുടെ വികസനം, ആഗോളതലത്തിലും പ്രാദേശികമായും സന്ദർശകരെ ആകർഷിക്കുന്ന ഇക്കോ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ പദ്ധതിയിലൂടെ 32 ലക്ഷത്തിനും 58 ലക്ഷത്തിനും ഇടയിൽ മരങ്ങൾ നശിപ്പിക്കേണ്ടിവരുമെന്ന് ജയറാം രമേശ് പറഞ്ഞു. ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുകയും പ്രദേശത്തെ ജൈവവൈവിധ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അവകാശപ്പെട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണ്. ഗ്രേറ്റ് നിക്കോബാർ സംയോജിത വികസന പദ്ധതിക്കായി 8.5 ലക്ഷം മരങ്ങൾ വെട്ടിമാറ്റുമെന്ന വാദം കള്ളമാണ്. അതിലും കൂടുതൽ മരങ്ങൾ മുറിക്കേണ്ടി വരും. 32 ലക്ഷത്തിനും 58 ലക്ഷത്തിനും ഇടയിൽ മരങ്ങൾ നശിപ്പിക്കേണ്ടിവരുമെന്ന സ്വതന്ത്രമായ കണക്കുകൾ ഞങ്ങളുടെ പക്കലുണ്ട്.

സമ്പന്നമായ വനപ്രദേശത്തെ വെട്ടിനശിപ്പിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും. വലിയ തോതിലുള്ള വികസനം ദ്വീപിൻ്റെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കും. പദ്ധതി താത്കാലികമായി നിർത്തിവെച്ച് മികച്ച ഒരു സംഘത്തെക്കൊണ്ട് സമഗ്രമായ അവലോകനം നടത്തുക എന്നതാണ് വിവേകപൂർണ്ണമായ ഏക പോംവഴി,’ അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

മലാക്ക കടലിടുക്കിന് സമീപമുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ട്. ഇന്ത്യയുടെ നാവിക തന്ത്രത്തിലെ ഒരു സുപ്രധാന പോയിൻ്റാണ് ഈ ദ്വീപ്. ഇത് സമുദ്ര വ്യാപാരത്തിനും വാണിജ്യത്തിനും സാധ്യതയുള്ള കേന്ദ്രമാണ്.

webdesk13: