X

‘വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം മഹത്തരം’; മന്ത്രി കെ. രാജന്‍

വയനാട് ഉരുള്‍പൊട്ടലുണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടിച്ചതില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. വൈറ്റ് ഗാര്‍ഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാന്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഒരു തര്‍ക്കത്തിനും ഇപ്പോള്‍ ഇടയില്ല. നമ്മള്‍ ഒറ്റമനസായി നില്‍ക്കേണ്ട സമയമാണ്. ഇപ്പോള്‍ വേണ്ടത് വിവാദമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാം സന്നദ്ധപ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്ത് ഈ മിഷന്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രാഷ്ട്രീയമില്ല. ബെയ്‌ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവര്‍ത്തകര്‍ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്‍ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ്’ മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയാകും വിധം പുനരധിവാസത്തിന് കേരള മോഡല്‍ രൂപപ്പെടുത്തുമെന്നും തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഗാര്‍ഡ് മേപ്പാടി കള്ളാടിയില്‍ ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് പൂട്ടിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമടക്കം ഉണ്ടായി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രക്ഷാപ്രവര്‍ത്തകരും യൂത്ത് ലീഗ്, കോണ്‍ഗ്രസ് നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

വിവാദം കനത്തതോടെ ഊട്ടുപുര നിര്‍ത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രംഗത്തുവന്ന മന്ത്രി മുഹമ്മദ് റിയാസ്, വൈറ്റ്ഗാര്‍ഡിന് ഭക്ഷണശാല തുടരാമെന്നും വ്യക്തമാക്കിയിരുന്നു. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

webdesk14: