X

സൗഹൃദത്തിന്റെ മഹാമാതൃകകള്‍-സുഫ്‌യാന്‍ അബ്ദുസ്സലാം

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ സൗഹൃദസംഗമങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. മതവൈരങ്ങളുടെയും അസഹിഷ്ണുതയുടെയും വിദ്വേഷഭാഷണങ്ങളുടെയും വിളനിലമാക്കി കേരളത്തെ മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വിധ്വംസക ശക്തികളുടെ മുന്നേറ്റത്തിന് തടയിട്ടുകൊണ്ട് വിവിധ മതവിശ്വാസികളില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും കുളിര്‍മ സമ്മാനിക്കാന്‍ സംഗമങ്ങള്‍ക്ക് സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. സൗഹൃദയാത്രയും സുഹൃദ് സദസുകളും വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനം വാക്കുകള്‍ക്കതീതമായിരിക്കുമെന്നാണ് കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ എഡിറ്റോറിയലുകള്‍ വിലയിരുത്തിയത്.

സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ക്ഷാമമില്ലാത്ത കേരളത്തില്‍ കലര്‍പ്പില്ലാത്ത സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവുമായി മുസ്‌ലിംലീഗിന് മാത്രം മുമ്പോട്ട് പോകാന്‍ സാധിക്കുന്നത് മതവും വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും ഉദ്‌ബോധനം ചെയ്ത ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗം പിന്തുടരുന്നത് കൊണ്ടാണ്. ഖുര്‍ആനും പ്രവാചകനും ഋഷിമാരും മുനിമാരും പഠിപ്പിച്ചത് സ്‌നേഹമാണെന്നിരിക്കെ വിശ്വാസങ്ങളിലെ വ്യത്യാസങ്ങളുടെ പേരില്‍ കലഹിക്കുന്നത് നിരര്‍ഥകമാണ്. മതത്തിന്റെ മറവില്‍ കാലുഷ്യങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്വേഷ പ്രചാരകര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ സ്‌നേഹത്തിന്റെ മതില്‍ തീര്‍ക്കാന്‍ ഓരോ മത വിഭാഗങ്ങളിലുംപെട്ട പണ്ഡിത നേതാക്കള്‍ മുമ്പോട്ടുവന്നാല്‍ സകല വിദ്വേഷങ്ങളെയും അതിജയിക്കാന്‍ സാധിക്കും. എന്നാല്‍ അവരെയെല്ലാം ഒരു ചരടില്‍ കോര്‍ക്കാന്‍ കര്‍ത്തവ്യബോധവും ആത്മാര്‍ഥതയുമുള്ള വ്യക്തിത്വങ്ങള്‍ അനിവാര്യമാണ്. എല്ലാ മതനേതാക്കളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് സാദിഖലി തങ്ങള്‍ ഇവിടെ നിര്‍വഹിച്ചിരിക്കുന്നതും അതാണ്. കേരളത്തിലെ പൂര്‍വിക നവോത്ഥാന നായകര്‍ പാകിയ പാതയിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

കേരളം വര്‍ഗീയാസ്വാസ്ഥ്യങ്ങളാല്‍ അഭിശപ്തമായ നാളുകളിലെല്ലാം മുസ്‌ലിംലീഗ് നേതാക്കള്‍ അവരുടെ സ്‌നേഹദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. 1952ല്‍ ഗോവധം ആയുധമാക്കി പയ്യോളിയില്‍ ആര്‍.എസ്. എസുകാര്‍ ഉണ്ടാക്കിയ വര്‍ഗീയ സംഘര്‍ഷം ഇരു സമുദായങ്ങള്‍ തമ്മിലുള്ള കലാപമായി മാറുന്നതില്‍നിന്നും കേരളത്തെ സംരക്ഷിച്ചത് അന്നത്തെ മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളായിരുന്നു. ഇരുപക്ഷത്തുമുള്ള കലാപകാരികള്‍ക്കിടയിലേക്ക് നിര്‍ഭയം കയറിച്ചെന്ന് സാന്ത്വനത്തിന്റെ വാക്കുകളിലൂടെ അദ്ദേഹം അവരെ അടക്കിനിര്‍ത്തി. സി.എച്ചിന്റെ കൂടെ തുറന്ന ജീപ്പില്‍ സഞ്ചരിച്ച അദ്ദേഹത്തിന് അകമ്പടിക്കാരോ അംഗരക്ഷകരോ ഉണ്ടായിരുന്നില്ല. പല കക്ഷി നേതാക്കളും പ്രസ്താവനകള്‍മാത്രം പുറപ്പെടുവിച്ച് വീട്ടില്‍ ഇരുന്നപ്പോള്‍ സധൈര്യം കലാപഭൂമിയിലേക്ക് ഇറങ്ങി അവരെ ശാന്തമാക്കാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചത് മുസ്‌ലിംലീഗിന്റെ കലര്‍പ്പില്ലാത്ത സ്‌നേഹരാഷ്ട്രീയം കൊണ്ട് മാത്രമായിരുന്നു. ഗോവധവുമായി ബന്ധപ്പെട്ട് അന്ന് ബാഫഖി തങ്ങളും സീതിസാഹിബും പുറപ്പെടുവിച്ച പ്രസ്താവന ഏതൊരു മുസ്‌ലിം പൊതുപ്രവര്‍ത്തകനും മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്. അവര്‍ പറഞ്ഞു: ‘പശുവിനെ അറുക്കല്‍ മുസ്‌ലിംകള്‍ക്ക് അനുവദനീയമാണെങ്കിലും അത് മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമാറ് വേണമെന്ന് വാശി പിടിക്കുന്നത് ഇസ്‌ലാം ഒരിക്കലും പൊറുക്കുകയില്ല. അന്യമതക്കാരുടെ ആരാധനാവസ്തുക്കളെ നിന്ദിക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്ത് ത്യാഗം ചെയ്തും സമുദായ സൗഹാര്‍ദ്ദം പാലിക്കാന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ ശ്രമിക്കണം.’ ഈ സന്ദേശം മുസ്‌ലിം സമുദായം ഏറ്റെടുത്തു. മുസ്‌ലിംകളെ പ്രകോപിപ്പിക്കാനുള്ള ആര്‍.എസ്.എസ് ആസൂത്രണം പൊളിഞ്ഞു. പയ്യോളി അടങ്ങിയത് അങ്ങനെയായിരുന്നു. രാഷ്ട്രീയമോ സൈനികമോ ആയ നടപടികളെക്കാള്‍ സ്‌നേഹസന്ദേശങ്ങള്‍ക്കാണ് ഹൃദയങ്ങളെ കീഴടക്കാന്‍ സാധിക്കുക എന്ന പാഠമാണ് ബാഫഖി തങ്ങള്‍ നല്‍കിയത്.

1954 ല്‍ ബേപ്പൂരിനടുത്ത നടുവട്ടത്ത് പള്ളിക്ക് മുമ്പിലൂടെ മുട്ടും വിളിയുമായി ഘോഷയാത്ര നടത്താന്‍ ആര്‍.എസ്.എസ് ഗൂഡാലോചന നടത്തിയത് പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ഉത്തരേന്ത്യയെ പോലെ മുസ്‌ലിം സമുദായത്തെ തെരുവിലിറക്കി അവരെ കൊലക്ക് കൊടുക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ, അവിടെയും ബാഫഖി തങ്ങളും സീതിസാഹിബും സി.എച്ചും ഇടപെട്ടു. കളക്ടറുടെ സാന്നിധ്യത്തില്‍ സമാധാന കമ്മിറ്റിയുണ്ടാക്കി ഇരുവിഭാഗത്തെയും അവര്‍ അനുനയിപ്പിച്ചു. 1971 ല്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ കലുഷിതമായിരുന്ന തലശേരിയെ തണുപ്പിച്ചതിലും തങ്ങളുടെ പങ്ക് സുവിദിതമാണ്. ആര്‍.എസ്.എസും ജനസംഘവും ഉണ്ടാക്കിയെടുത്ത മുസ്‌ലിം വിരുദ്ധ വികാരമാണ് തലശേരി കലാപത്തിന്റെ കാരണമായി ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ വിലയിരുത്തിയത്. കേരളം മുഴുവന്‍ കലാപം ആളിക്കത്തിക്കാനായിരുന്നു അവരുടെ പദ്ധതി. ഇതേകുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ എ.പി ഉദയഭാനു അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘കേരളത്തെ മുഴുവന്‍ ചാമ്പലാക്കാന്‍ കഴിയുമായിരുന്ന അഗ്‌നിയാണ് തലശേരിയില്‍ കത്തിക്കൊണ്ടിരുന്നത്. എന്നാല്‍ അത് മറ്റെങ്ങും പടരാതെ അവിടെത്തന്നെ കെട്ടടങ്ങിയെങ്കില്‍ അതിന് കേരളം കടപ്പെട്ടിരിക്കുന്നത് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളോട് മാത്രമാണ്.’

ബാഫഖി തങ്ങള്‍ക്ക് ശേഷം പൂക്കോയ തങ്ങളുടെ കാലത്തും വര്‍ഗീയത ആളിപ്പടരാതെ സൂക്ഷിക്കുന്നതില്‍ ഉത്തരവാദിത്വബോധത്തോടെയാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തിച്ചത്. അങ്ങാടിപ്പുറത്ത് മുസ്‌ലിം പള്ളിക്ക് സമീപം തളിക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് വലിയ സംഘര്‍ഷം നിലനിന്നിരുന്നപ്പോള്‍ പൂക്കോയതങ്ങളുടെ ശക്തമായ ഇടപെടലായിരുന്നു സംഘര്‍ഷത്തെ തണുപ്പിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ആര്‍.എസ്.എസുകാര്‍ കേരളത്തെ ആളിക്കത്തിക്കാന്‍ അങ്ങാടിപ്പുറം സംഭവം ഉപകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് പ്രദേശത്ത് തമ്പടിച്ചിരുന്നുവെങ്കിലും ക്ഷേത്ര നിര്‍മാണത്തിനുള്ള സ്ഥലം നിര്‍ദ്ദേശിച്ചുകൊണ്ട് പൂക്കോയതങ്ങള്‍ ഹിന്ദുത്വ ഫാസിസത്തിന്റെ മുരട് മുറിക്കുകയും മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയും ചെയ്തു. 1968 ലെ ഈ സംഭവത്തിന് ശേഷം പള്ളിയും ക്ഷേത്രവും തൊട്ടുരുമ്മി നില്‍ക്കുന്ന പ്രദേശത്ത് ഒരു സാമുദായിക സംഘര്‍ഷവും ഉണ്ടായില്ല എന്നത് പൂക്കോയതങ്ങളുടെ സന്ദേശത്തിന്റെ അടയാളമായി അവശേഷിക്കുന്നു. മലപ്പുറം നഗരസഭക്ക് പുതിയ കെട്ടിടം പണിയാന്‍ ക്രിസ്ത്യന്‍ പള്ളിയുടെ അവകാശത്തിലിരിക്കുന്ന ഒഴിഞ്ഞ സ്ഥലം കച്ചവടമാക്കിയപ്പോള്‍ ചില മാധ്യമങ്ങള്‍ അത് വിവാദമാക്കി. ക്രിസ്ത്യന്‍ പള്ളിയുടെ സ്ഥലം മുസ്‌ലിംലീഗ് പിടിച്ചടക്കി എന്ന പ്രചാരണം അവര്‍ കൊണ്ടുപിടിച്ചപ്പോള്‍ കോഴിക്കോട് ബിഷപ്പ് പൂക്കോയതങ്ങളെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ധരിപ്പിച്ചു. പൂക്കോയതങ്ങള്‍ നഗരസഭാ അധികാരികളോട് ക്രിസ്ത്യന്‍ സമൂഹത്തിന് വിഷമമുണ്ടാക്കിക്കൊണ്ട് ഒരിക്കലും ഒരു കെട്ടിടവും മലപ്പുറത്ത് പണിയേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കി.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്തായിരുന്നു ബാബരി മസ്ജിദ് ധ്വംസനവും അങ്ങാടിപ്പുറം ക്ഷേത്രത്തിന് തീവെച്ച സംഭവവും അരങ്ങേറിയത്. മുസ്‌ലിം സമുദായത്തിന് ഏറെ വേദനയും ഇന്ത്യയുടെ മതേതരത്വത്തിന് ഏറെ കളങ്കവുമുണ്ടാക്കിയ ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ കലാപങ്ങള്‍ ഉണ്ടാകുമായിരുന്ന സാഹിചര്യത്തില്‍ ശിഹാബ് തങ്ങള്‍ ഉയര്‍ത്തിവിട്ട മതപാരസ്പര്യത്തിന്റെ സന്ദേശം മലപ്പുറവും കേരളവും ഏറ്റെടുക്കുകയുണ്ടായി. 2007 ല്‍ ചില സാമൂഹ്യദ്രോഹികള്‍ അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തിന്റെ കവാടത്തിന് തീവെച്ചപ്പോള്‍ അതിന്റെ അഗ്‌നിഗോളങ്ങള്‍ കേരളത്തിന്റെ സാമൂഹിക പരിസരങ്ങളെ വിഴുങ്ങുമെന്ന് മനസിലാക്കിയ തങ്ങള്‍ ക്ഷേത്രകവാടത്തിന്റെ പുനരുദ്ധാരണത്തിന് നിര്‍ദ്ദേശം നല്‍കുകയും ക്ഷേത്രഭാരവാഹികളെയും ഹൈന്ദവ സഹോദരങ്ങളെയും സമാശ്വസിപ്പിക്കുകയും ചെയ്തത് കേരള ചരിത്രത്തിലെ പൊന്‍പ്രഭ ചൊരിയുന്ന ഏടുകളില്‍ ഒന്നാണ്.

മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ശേഷം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇതേ പാത പിന്തുടര്‍ന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹ സൗഹാര്‍ദ്ദ സദസുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ കാലത്താണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലമേറും തോറും മത സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ വളരെ ജാഗ്രതയോടെയായിരുന്നു ഹൈദരലി തങ്ങളുടെ ഓരോ ചുവടുവെപ്പും. തങ്ങളുടെ നിര്യാണമറിഞ്ഞ് പാണക്കാടെത്തിയ താമരശേരി രൂപതാ ബിഷപ്പ് മാര്‍ റിമിജിയോസ് ഇഞ്ചനാനിയില്‍ ഇക്കാര്യം പ്രത്യേകം അനുസ്മരിച്ചിരുന്നു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ ഇത് ചൂണ്ടിക്കാട്ടി. പൂര്‍വികരുടെ പാതയില്‍ സഞ്ചരിച്ചുസയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മത സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ഭൂമിക സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്.

Chandrika Web: