X

നാട്ടുകാരുടെ പരാതിക്ക് പുല്ല് വില; ഒരു മാസത്തിനിടെ ആനയെത്തി മതില്‍ തകര്‍ത്തത് 11 തവണ

നിലമ്പൂര്‍ മുത്തേടത്ത് വനാതിര്‍ത്തിയിലെ തകര്‍ന്ന കരിങ്കല്‍ഭിത്തി അധികൃതര്‍ ശ്രദ്ധിക്കാതെയായപ്പോള്‍ കര്‍ഷകര്‍ പുതുക്കിപ്പണിതു. പടുക്ക വനം സ്‌റ്റേഷന് സമീപം ചീനിക്കുന്ന് തീക്കടിയില്‍ വനാതിര്‍ത്തിയിലെ മതിലാണ് നാട്ടുകാര്‍ നിര്‍മിച്ചത്. കരുളായി വനത്തില്‍നിന്നു നാട്ടിലേക്കിറങ്ങിയെത്തുന്ന ആനകളെ പ്രതിരോധിക്കാന്‍ വനം വകുപ്പ് നിര്‍മിച്ച കരിങ്കല്‍ മതില്‍ തീക്കടി കോളനിക്ക് സമീപം ഒരു വര്‍ഷം മുന്‍പാണ് തകര്‍ത്തത്.

മതില്‍ തകര്‍ന്ന ഭാഗത്തിലൂടെ ആനക്കൂട്ടമെത്തി വ്യാപകമായി വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പില്‍ പലതവണ പരാതിപ്പെട്ടതാണ്. വന്യമൃഗശല്യം തടയുന്നതിന് വനംവകുപ്പ് കെട്ടിയ കരിങ്കല്‍ ഭിത്തി രണ്ടിടങ്ങളില്‍ കാട്ടാന തകര്‍ത്തിരുന്നു.

ഇതുവഴി ആനകള്‍ നാട്ടിലിറങ്ങലും വിളനശിപ്പിക്കലും പതിവായിരുന്നുവെന്ന് നാട്ടുകാര്‍. മതില്‍ പുനര്‍നിര്‍മിക്കാനെന്ന പേരില്‍ 5 തവണ വനപാലകരെത്തി അളന്ന് പോയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രമായി 11 തവണയാണ് ഇതിലൂടെ ആനക്കൂട്ടം നാട്ടിലെത്തിയത്.

കാലങ്ങളായി തകര്‍ന്നു കിടക്കുന്ന ഭിത്തി നന്നാക്കണമെന്ന് പലകുറി അധികൃതരോടാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ രംഗത്തിറങ്ങി മതില്‍ കെട്ടിയത്.

webdesk14: