തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി ഈ മാസം പത്തിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും സ്ഥാനമൊഴിയാതെ സി.പി.എം യുവജന നേതാവ് ജെ.എസ് ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി.
കോടതി വിധി വന്നതിന് ശേഷവും കഴിഞ്ഞ ദിവസം സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശിശുദിനഘോഷയാത്ര നയിച്ചത് ഷിജുഖാനും ഭരണസമിതി അംഗങ്ങളുമായിരുന്നു. അന്നേദിവസം മത്സരങ്ങളില്‍ പങ്കെടുത്ത വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ കോടതി വിധി തള്ളിക്കൊണ്ട് ജനറല്‍ സെക്രട്ടറി ഷിജുഖാനാണ് ഒപ്പ് വച്ചത്. കോടതിവിധി പ്രകാരം സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി സമിതിയുടെ ഭരണം ഏറ്റെടുക്കാനുള്ള ഒരു നടപടികളും ഇതേവരെ കൈക്കൊണ്ടിട്ടില്ല.
ഷിജുഖാന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ 200 ഓളം പേര്‍ക്ക് സമിതിയില്‍ നല്‍കിയ അനധികൃത നിയമനങ്ങളെക്കുറിച്ചും സമിതിയിലെ സാമ്പത്തിക ധൂര്‍ത്തിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഭാരവാഹികളെ ഉടനടി പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ശിശുക്ഷേമസംരക്ഷണ സമിതി രക്ഷാധികാരികൂടിയായ ഗവര്‍ണര്‍ക്കും എക്‌സ് ഒഫീഷ്യോ പ്രസിഡന്റായ മുഖ്യമന്ത്രിക്കും ശിശുക്ഷേമ സംരക്ഷണ സമിതി നിവേദനം നല്‍കി.