X
    Categories: indiaNews

രാജ്യത്ത് ധാന്യശേഖരം കുറയുന്നു; അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ധാന്യശേഖരം കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിലെ ഗോതമ്പ്, അരി തുടങ്ങിയവയുടെ ശേഖരത്തിലാണ് കുറവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഒക്ടോബര്‍ 1വരെ 511.4 ലക്ഷം ടണ്‍ ആണ് ധാന്യശേഖരം.

കഴിഞ്ഞ വര്‍ഷം ഇത് 816 ലക്ഷം ടണ്‍ ആയിരുന്നു. 2017ന് ശേഷമുള്ള ഏറ്റവും കുറവ് ധാന്യശേഖരമാണിത്. ചില്ലറ പണപ്പെരുപ്പം എട്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കെയാണ് ധാന്യശേഖരത്തിലെ വലിയ ഇടിവ്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഗോതമ്പിന്റെ ധാന്യശേഖരം എത്തിയത്. സെപ്തംബറില്‍ 227.5 ലക്ഷം ടണ്ണിലെത്തിയിരുന്നു ഗോതമ്പ് ശേഖരം. വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കാവുന്ന കുറഞ്ഞ ഗോതമ്പിന്റെ അളവുമായി നേരിയ വ്യത്യാസം മാത്രമാണ് ധാന്യ ശേഖരത്തിനുള്ളതെന്നാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. 205.2 ലക്ഷം ടണ്‍ ആണ് വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കാവുന്ന ഗോതമ്പിന്റെ കുറഞ്ഞ അളവ്. അരിയുടെ ശേഖരത്തില്‍ ഗോതമ്പിന് സമാനമായ പ്രതിസന്ധിയില്ല. അളവില്‍ കുറവുണ്ടായെങ്കിലും ആവശ്യമായതിനും 2.8 ഇരട്ടിയിലധികം അരി സ്റ്റോക്കുണ്ട്.

രാജ്യത്ത് അരി ഉത്പാദനത്തിലുണ്ടായ മൂന്നുമടങ്ങ് വര്‍ധനയാണ് പിടിച്ചുനില്‍ക്കാന്‍ സഹായകമായത്. ധാന്യങ്ങളുടെയും ഉത്പന്നങ്ങളുടെയും ഉപഭോക്തൃ വില സൂചികയില്‍ സെപ്റ്റംബര്‍ വരെ 11.53 ശതമാനം വര്‍ധനയുണ്ടായി. സൂചികയില്‍, 2012 അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ച ശേഷം ധാന്യ വിലയിലുണ്ടാകുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. 2010നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കിയിരുന്നപ്പോള്‍, 2013 ഡിസംബറില്‍ രേഖപ്പെടുത്തിയ 12.14 ശതമാനമായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക്. എഫ്‌സിഐ ശേഖരത്തില്‍ ഗോതമ്പിന്റെ അളവ് കുറയുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.

 

Test User: