X

സ്റ്റാക്കും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ഇനി പരിശീലകന്‍

ലണ്ടന്‍: മുന്‍ ആഴ്‌സനല്‍ ഗോള്‍കീപ്പറും കേരള ബ്ലാസ്‌റ്റേഴ്‌സ് താരവുമായ ഗ്രഹാം സ്റ്റാക്കിനെ ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണില്ലെന്ന് ഉറപ്പായി. ഹാംഷെയറില്‍ നിന്നുളള ബ്രിട്ടീഷ് ക്ലബ് ഈസ്റ്റ്‌ലീയുടെ ഗോള്‍ കീപ്പര്‍ പരിശീലകനായിട്ടാണ് സ്റ്റാക്ക് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വര്‍ഷത്തേയ്ക്കാണ് ബ്രിട്ടീഷ് ക്ലബുമായിട്ടുളള മുപ്പത്തിയഞ്ചുകാരനായ സ്റ്റാക്കിന്റെ കരാര്‍. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഭേദപ്പെട്ട പ്രകടനമാണ് സ്റ്റാക്ക് കാഴ്ച്ചവെച്ചത്.

കൊച്ചിയില്‍ നടന്ന ഫൈനലിലും ബ്ലാസ്‌റ്റേഴ്‌സിന്റെ വലകാത്തത് സ്റ്റാക്ക് ആയിരുന്നു. എന്നാല്‍ അന്തിമ പെനാള്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ടീം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് തോല്‍ക്കുകയായിരുന്നു. ഐഎസ്എല്ലിനിടെ യൂറോപ്പില്‍ ഇന്ത്യയെ പരിചയപ്പെടുത്തികൊണ്ട് സ്റ്റാക്ക് സ്‌കൈ സ്‌പോട്‌സില്‍ എഴുതിയ ബ്ലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെ വ്യത്യസ്തമായ കാഴ്ച്ചകളും ഫുട്‌ബോള്‍ ആരാധനയെല്ലാമായിരുന്നു സ്റ്റാക്ക് ബ്ലോഗിന് വിഷമാക്കിയത്. ഇംഗ്ലണ്ടിലെ ബര്‍ണെറ്റ് എഫ്‌സിയില്‍ നിന്നാണ് സ്റ്റാക്ക് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.

ബ്ലാസ്‌റ്റേഴ്‌സില്‍ എത്തും മുമ്പ് നാലു സീസണുകളിലും സ്റ്റാക്ക് കളിച്ചത് ബര്‍ണെറ്റ് എഫ്‌സിയ്ക്ക് വേണ്ടിയായിരുന്നു ഇംഗ്ലണ്ടിലെ ഹാംപ്‌സ്‌റ്റെഡ് സ്വദേശിയായ സ്റ്റാക്ക് അയര്‍ലന്‍ഡ് അണ്ടര്‍ 21 ടീമിനു വേണ്ടി ഏഴു മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ സ്റ്റാക്ക് ക്ലബ് ഫുട്‌ബോളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായിരുന്ന ആര്‍സനല്‍, മില്‍വാല്‍, റെഡിങ്, ലീഡ്‌സ് യുണൈറ്റഡ്, വോള്‍വര്‍ഹാംപ്ടണ്‍, പ്ലൈമൗത്ത്, ബ്ലാക്പൂള്‍, ബാര്‍നറ്റ് തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

chandrika: