X

ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക: എംഎസ്എഫ്

കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രെയ്‌സ് മാര്‍ക്ക് കൊടുക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ക്ക് നിവേദനം നല്‍കി. ഇതിന്റെ ഭാഗമായി എംകെ മുനീറിന്റെ സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം നല്‍കി.

ഗ്രേസ് മാര്‍ക്ക് എടുത്തു കളയാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനപരിശോധനക്ക് വിധേയമാക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു.യൂത്ത് ഫെസ്റ്റിവല്‍, സ്‌പോര്‍ട്‌സ്, എന്‍.എസ്.എസ് വളന്റിയേഴ്‌സ്,എന്‍സിസി, സ്റ്റുഡന്റ് പോലീസ് തുടങ്ങിയവയില്‍ അംഗങ്ങളായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്കാണ് ഇത്തവണ കൊടുക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ സാമൂഹിക ബോധവും സര്‍ഗ്ഗാത്മകതയും വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗ്രേസ്മാര്‍ക്ക് സംവിധാനം നിലനിര്‍ത്തുന്നതിന് നിലവിലെ ഉത്തരവ് പിന്‍വലിച്ച് വിദ്യാര്‍ത്ഥി പക്ഷ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ എംഎല്‍എ മാര്‍ക്കും എം.എസ്.എഫ് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ നിവേദനം കൈമാറി.

കോഴിക്കോട് നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ് എന്നിവര്‍ ചേര്‍ന്ന് നിവേദനം കൈമാറി.എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വഹിബ് മുഹമ്മദ് ഹരിത ജില്ലാ ട്രെഷറര്‍ ഷഹദ അലികോയ എന്നിവര്‍ പങ്കെടുത്തു.

 

web desk 1: