X

പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം; മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തു

ലൈഫ് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കാത്തതിനാല്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തില്‍ പ്രതി മുജീബിനെതിരെ കൊലപാതകശ്രമ കുറ്റം പൊലീസ് ചുമത്തി. പൊതുമുതല്‍ നശിപ്പിച്ചതിനും കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചായത്തോഫിസിന് തീയിട്ട മുജീബ് റഹ്മാനും കുടുംബവും വര്‍ഷങ്ങളായി താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് മുജീബ് റഹ്മാന്‍. കീഴാറ്റൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ആനപ്പാംകുഴിയിലാണ് വീട്.

വയോധികരായ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് മുജീബിനുള്ളത്. മഴവെള്ളം ചോര്‍ന്നൊലിക്കാതിരിക്കാന്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ നിലയിലാണ്. രണ്ട് കുഞ്ഞുമുറികള്‍ മാത്രമാണുള്ളത്. ചുമരുകള്‍ പല ഭാഗങ്ങളിലും അടര്‍ന്നുവീണ നിലയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ഭൂരിഭാഗം ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ പുറത്തു പോയ സമയത്താണ് മുജീബ് പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസില്‍ പെട്രോളുമായെത്തി തീയിട്ടത്. പെട്രോള്‍ അടങ്ങിയ ക്യാനുമായി മുജീബ് ഓഫീസിലേക്ക് കയറി തീ ഇടുകയായിരുന്നു. കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഫയലുകളും പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. തീ ഇട്ടതിനുശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയില്‍ ഒളിച്ച മുജീബ് അവിടെവച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലാറ്റൂര്‍ പൊലീസ് എത്തിയാണ് മുജീബിനെ പുറത്തേക്ക് എത്തിച്ചത്.

webdesk14: