ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പൊലീസ് റിപ്പോര്‍ട്ട് എതിരായിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് സുനിക്ക് പരോള്‍ അനുവദിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ഥിരം കുറ്റവാളിയായ സുനിക്ക് അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍ പരോള്‍ അനുവദിച്ചത് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും സി.പി.എം ഒരു കൊലയാളി പാര്‍ട്ടിയായി അധഃപതിച്ചിരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കൊലയാളികളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി സര്‍ക്കാരും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മാറുന്നത് കേരളത്തിനു തന്നെ അപമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.