X

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

webdesk14: