മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. മുനമ്പത്തെ മുതലെടുത്താൽ അതിന്‍റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയുന്നതാണ്. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവ്വം ഒരുക്കുകയാണ് എങ്കിൽ അതിനുള്ള മറുപടി മുനമ്പത്തിലേയും കേരളത്തിലെയും ജനത നൽകും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
താൽക്കാലിക ലാഭത്തിനുവേണ്ടി വർഗീയ നിലപാടിനോട് കോൺഗ്രസ് ചേരില്ല. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയില്ല. വിഭാഗീയതയുടെ രാഷ്ട്രീയം ആരു ഉയർത്തി കാട്ടിയാലും ഒന്നിപ്പിക്കലിന്‍റെ രാഷ്ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.