ന്യൂഡല്‍ഹി: പോസ്‌റ്റോഫീസുകളിലൂടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നു. പ്രാഥമികഘട്ടത്തില്‍ രാജ്യത്തെ 56 പോസ്‌റ്റോഫീസുകളില്‍ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. കൂടാതെ ഹെഡ് പോസ്‌റ്റോഫീസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും കേന്ദ്ര വിദേശകാര്യമന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ഹെഡ് പോസ്‌റ്റോഫീസുകളില്‍ (മൈസൂരിലും ദാഹോദിലും (ഗുജറാത്ത്)) നടപ്പാക്കിയ ശേഷമാണ് ഇപ്പോള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചത്. രണ്ടിടങ്ങളിലും പദ്ധതി പൂര്‍ണ വിജയമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ പത്തനംത്തിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്‌റ്റോഫീസുകളിലാണ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.