ന്യൂഡല്‍ഹി: പുതുതായി നിയമിക്കുന്ന ജോലിക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്ക് തൊഴിലുടമ നല്‍കേണ്ട 12 ശതമാനം വിഹിതം അടുത്ത മൂന്നു വര്‍ഷത്തേക്ക് പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അനൗപചാരിക മേഖലയിലാണ് തീരുമാനം ബാധകമാവുക. കൂടുതല്‍ തൊഴിവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതായി ഗാങ്‌വാര്‍ വ്യക്തമാക്കി. നിലവില്‍ ശമ്പളത്തിന്റെ 12 ശതമാനമാണ് തൊഴിലാളികള്‍ പ്രൊവിഡന്റ് ഫണ്ടിലേക്ക് അടക്കേണ്ടത്. തുല്യ തുക തൊഴിലുടമയും പി.എഫിലേക്ക് അടയ്ക്കണം. ഇത്തരത്തില്‍ തൊഴില്‍ ഉടമ നല്‍കേണ്ട തുകയാണ് അടുത്ത മൂന്നു വര്‍ഷത്തേക്ക് പൂര്‍ണമായി കേന്ദ്രം നല്‍കുക. ഒരുകോടി തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. 6500 കോടി രൂപ മുതല്‍ 10,000 കോടി രൂപ വരെ ഈയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് അധിക ബാധ്യത വരുമെന്നും മന്ത്രി വ്യക്തമാക്കി.