മധു കൊലക്കേസ് പ്രതികളെ സഹായിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.കേസ് കോടതിയില്‍ വന്നപ്പോള്‍ ഹാജരാകാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു അഭിഭാഷകന്‍ പോലുമില്ലായിരുന്നു എന്നത് കേരളസമൂഹത്തിന് ലജ്ജാകരം ആണ്.കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്ക് പിണറായി വിജയന്റെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരത തന്നെയാണിത് അദ്ദേഹം പറഞ്ഞു.
വൈകിയെങ്കിലും മധുവിന് നീതി ലഭിക്കാനുള്ള നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലോകം കണ്ട ഏറ്റവും ക്രൂരന്‍മാരായ ഭരണാധികാരികളുടെ പട്ടികയിലേയ്ക്ക് ജനം പിണറായി വിജയനെ എഴുതിത്തള്ളും അദ്ദേഹം ഓര്‍മിപ്പിച്ചു.ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം
ഫെയസ്ബുക്കില്‍ കുറിച്ച കുറിപ്പിന്റെ പൂര്‍ണരൂപം
‘മധു… മാപ്പ്’ എന്ന് ഒരു കുറിപ്പെങ്കിലും എഴുതാത്തവരായിട്ട് മലയാളികളില്‍ ആരും ഉണ്ടാകില്ല. മധുവിനെ നെഞ്ചോട് ചേര്‍ത്ത് കവിതകള്‍, ചിത്രങ്ങള്‍, ശില്പങ്ങളൊക്കെയൊരുക്കിയാണ് ഹൃദയഭേദകമായ ആ സംഭവത്തോട് കേരളസമൂഹം ഒന്നാകെ പ്രതികരിച്ചത്. അത്രമാത്രം മലയാളികളുടെ മനസ്സിനെ പിടിച്ചുലച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിന് നേരിട്ട ആള്‍ക്കൂട്ട ആക്രമണവും പിന്നീട് സംഭവിച്ച ദാരുണാന്ത്യവും. പക്ഷേ മധുവിന് നീതി മാത്രം ഇപ്പോഴും അന്യമാണ്.
2018 ഫെബ്രുവരിയിലാണ് കേരളസമൂഹത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. അന്ന് തന്നെ പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വീഴ്ചയില്‍ അന്വേഷണവും അട്ടിമറിക്കപ്പെട്ടു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധുവിന്റെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ കാശില്ല എന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.എത്രമാത്രം അലംഭാവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന് ആ സംഭവം വ്യക്തമാക്കുന്നു . പിന്നീട് എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചതും, ഇതിലെ മൂന്നാം പ്രതിയെ തന്നെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയി നിയമിച്ചതും കേരളം കണ്ടു. പ്രതിപക്ഷത്തിന്റെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ആ പ്രതിയെ ചുമതലയില്‍ നിന്നും നീക്കിയത്.
ഇപ്പോള്‍ ഈ കേസ് കോടതിയില്‍ വന്നപ്പോള്‍ ഹാജരാകാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു അഭിഭാഷകന്‍ പോലുമില്ലായിരുന്നു എന്നത് കേരളസമൂഹത്തിന് ലജ്ജാകരം ആണ്.കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്ക് പിണറായി വിജയന്റെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരത തന്നെയാണിത്.
വൈകിയെങ്കിലും മധുവിന് നീതി ലഭിക്കാനുള്ള നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലോകം കണ്ട ഏറ്റവും ക്രൂരന്‍മാരായ ഭരണാധികാരികളുടെ പട്ടികയിലേയ്ക്ക് ജനം പിണറായി വിജയനെ എഴുതിത്തള്ളും.