കോഴിക്കോട് : സാധാരണക്കാരൻ്റെ വീടെന്ന സ്വപ്നത്തെ തകർത്തെറിഞ്ഞ് കെട്ടിട നികുതി ഇനത്തിൽ ഭീമമായ സംഖ്യ വർധിപ്പിച്ച സർക്കാർ, ഇപ്പോൾ ഫിസ് വർധനവിൽ ഇളവ് വരുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനകം വാങ്ങിയ തുക ജനങ്ങൾക്ക് തിരിച്ച് കൊടുക്കാൻ തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
കെട്ടിട പെർമിറ്റ് ഫീസ് 150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ചെറിയ വീടിന് ഗ്രാമപഞ്ചായത്തുകളിൽ 555 രൂപയിൽ നിന്നും 8500 രൂപയിലേക്കും നഗരസഭയിൽ 11500 ലേക്കും കോർപ്പറേഷനിൽ 16000 ലേക്കുമാണ് ഭീമമായി പിണറായി സർക്കാർ വർധിപ്പിച്ചിരുന്നത്. വീടിൻ്റെ വിസ്തൃതിക്കനുസൃതമായി ഫീസിലും വലിയ വർധനവാണ് ഉണ്ടായിരുന്നത്. മന്ത്രിയുടെ ദുർവാശിയാലും ഇടത് സർക്കാറിൻ്റെ പിടിപ്പുകേടിനാലുമാണ് ഇത്തരത്തിലുള്ള വർധനവ് വരുത്തിയത്.
ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അശാസ്ത്രീയ വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്, മന്ത്രി എം.ബി രാജേഷിൻ്റെ വസതിയിലേക്ക് മാർച്ച് ഉൾപ്പെടെ നിരന്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ അധികാരത്തിൻ്റെ ധാർഷ്ട്യത്താൽ എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിയാണ് ഇപ്പോൾ കെട്ടിട നികുതി കുറക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. എന്നാൽ പഴയ നിരക്ക് പുനസ്ഥാപിക്കുന്ന നടപടിയാണ് വേണ്ടെതെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.