തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി. മാധ്യമ വാര്‍ത്തകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ നിന്നാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. നേരത്തെ ഈ തസ്തികയില്‍ ശ്രീറാമിനെ നിയമിച്ചതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ശ്രീറാമിനു പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിഎസ് ബിജു ഭാസ്‌കറിനെ തല്‍സ്ഥാനത്ത് നിയമിച്ചു. വ്യാജവാര്‍ത്തകള്‍ കണ്ടെത്തി അതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടു വരുന്നതനായാണ് പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തിന് രൂപം നല്‍കിയത്. ഈ തസ്തികയിലായിരുന്നു ശ്രീറാമിനെ നിയമിച്ചത്. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ പലവട്ടം പല നുണകള്‍ പറഞ്ഞ ആളെ തന്നെ വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ നിയോഗിച്ചതിനെ പ്രതിപക്ഷമടക്കമുള്ളവര്‍ നന്നായി വിമര്‍ശിച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ ഫാക്ട് ചെക്ക് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ഫാക്ട് ചെക്ക് സമിതിക്ക് രൂപം നല്‍കിയത്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഫാക്ട് ചെക്കിങ് വിദഗ്ധന്‍, സൈബര്‍ ഡോം, ഫോറന്‍സിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയിലുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണ് ശ്രീറാമിനെ ഉള്‍പ്പെടുത്തിയത്. അതേസമയം സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോപിച്ച് ഫാക്ട് ചെക്ക് വിഭാഗം രംഗത്ത് വന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
അതേ സമയം കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് അടുത്ത മാസം 12ന് പരിഗണിക്കും.