യു.പി.എ സര്‍ക്കാര്‍ 2005 ല്‍ കൊണ്ടുവന്ന ലോകത്തിന് തന്നെ മാതൃകയായ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി അതിനെ ഇല്ലാതാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരുന്ന വിവരാവകാശ കമ്മീഷണര്‍മാരുടെ ശമ്പളവും, ആനുകൂല്യങ്ങളും കാലാവധിയും കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന ഭേദഗതി ഈ ആക്ടിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്നതാണ്. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും പകര്‍ന്നു നല്‍കുന്ന അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന ഭേദഗതി. ഇതിലൂടെ മോദി വെല്ലുവിളിക്കുന്നത് ഇന്ത്യയിലെ ജനങ്ങളെ തന്നെയാണെന്നും രമേശ് പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളില്‍ തങ്ങളുടെ സ്തുതിപാഠകരെ തിരുകിക്കയറ്റി അവരെ വരുതിയിലാക്കാനുള്ള മോദിയുടെ കുതന്ത്രത്തിന്റെ തുടര്‍ച്ചയാണ് ഈ നീക്കം. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, യു ജി സി, വിജിലന്‍സ് കമ്മിഷന്‍, പ്ലാനിംഗ് കമ്മീഷന്‍ അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ തങ്ങളുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ് വിവരാവകാശ നിയമത്തെ തന്നെ ഇല്ലാതാക്കാനുള്ള ഈ ശ്രമവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അസ്ഥിരപ്പെടുത്തന്നുള്ള നീക്കത്തില്‍ നിന്നും മോഡി സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
വിവരാവകാശ നിയമത്തില്‍ രണ്ട് ഭേദഗതികള്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. സംസ്ഥാനത്തെ വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തിലും സേവനവ്യവസ്ഥകളിലും ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതികളില്‍ ഒന്ന്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരെ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ വരെ ഇതിലൂടെ കഴിയും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പദവിക്ക് തുല്യമായ മുഖ്യവിവരാവകാശ കമ്മിഷണര്‍ പദവിയെ തരം താഴ്ത്താനുള്ള ശുപാര്‍ശയാണ് രണ്ടാമത്തേത്.
വിവരാവകാശ നിയമത്തെ തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതികള്‍ എന്നാണ് ആശങ്ക. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമന, വേതന വ്യവസ്ഥകളില്‍ ഇടപെടാനുള്ള കേന്ദ്രനീക്കം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. വിവരാവകാശ കമ്മിഷന്റെ സ്വയംഭരണാധികാരത്തെ തന്നെ ഇല്ലാതാക്കാന്‍ ഈ ഭേദഗതി വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്.