മുസ്ലിംലീഗിന്റെയും മതസംഘടനകളുടെയും പ്രതിഷേധം ഫലം കണ്ടു. സ്‌കൂള്‍ സമയമാറ്റം ഉള്‍പ്പെടെയുള്ള പരിഷ്‌ക്കരണങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. നിലവിലെ സ്ഥിതി തുടരുമെന്നും യൂണിഫോം എന്ത് വേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുിട്ടി അറിയിച്ചു. മിക്സഡ് സ്‌കൂളിന്റെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലൂടെ സര്‍ക്കാര്‍ ചെലവില്‍ യുക്തിവാദം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചു. മതമില്ലാത്ത ജീവന്‍ എന്ന പഴയ പാഠപുസ്തകത്തിന്റെ പ്രേതമാണിത്. ഇത് മതനിരാസത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള നീക്കമാണ്. മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലുമെല്ലാം വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.