തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ രാപകല്‍ സമരം ചെയ്യുന്ന അങ്കണവാടി വര്‍ക്കേഴ്‌സിന് ഓണറേറിയം നല്‍കേണ്ടെന്ന് വനിതാ ശിശു വികസന ഡയറക്ടറിന്റെ ഉത്തരവ്. ഓണറേറിയം കൂട്ടണം, ക്ഷേമനിധി കുടിശ്ശിക അടക്കം ഉടന്‍ നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെയാണ് സമരം ആരംഭിച്ചത്.
അങ്കണവാടി വര്‍ക്കേഴ്‌സ് അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ മറ്റ് നടപടികള്‍ എടുക്കാനും നിര്‍ദേശമുണ്ട്. ആശമാര്‍ക്ക് പിന്നാലെയാണ് വേതനവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും നാഷനല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് ഇന്നലെ അങ്കണവാടികളുടെ പ്രവര്‍ത്തനം പലയിടത്തും തടസ്സപ്പെട്ടിരുന്നു.
വേതനം ഒറ്റത്തവണയായി നല്‍കുക, അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കുക, ഉത്സവ ബത്ത 5000 രൂപയാക്കുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപകല്‍ സമരം.