X

ഇന്ധന വില വര്‍ധിപ്പിച്ച് നേട്ടം കൊയ്ത് കേന്ദ്ര സര്‍ക്കാര്‍; സമാഹരിച്ചത് 2.87 ലക്ഷം കോടി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് സാധാരണക്കാരുടെ നടുവൊടിക്കുകയാണെങ്കിലും ഈ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ നേട്ടം കൊയ്യുന്നു. 2015-16 വര്‍ഷം നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് 34 ശതമാനത്തിന്റെ വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തു വന്നിരിക്കുന്നത്. 2013-14ല്‍ 1.69 ലക്ഷം കോടി രൂപയാണ് കേന്ദ്ര എക്‌സൈസ് തീരുവ ഇനത്തില്‍ ലഭിച്ചത്. എന്നാല്‍ 2015-16 സാമ്പത്തിക വര്‍ഷം ഇത് 2.87 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പെട്രോള്‍, ഡീസല്‍, സിഗരറ്റ്, ഗുഡ്ക എന്നീ ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെയാണ് കൂടുതല്‍ വരുമാനവും ലഭിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നു മാത്രം 17 ശതമാനമാണ് നികുതിയായി ലഭിച്ചത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ 1.2 രൂപ വര്‍ധിപ്പിച്ച് 8.95 രൂപ ആക്കിയിരുന്നു. ഹൈസ്പീഡ് ഡീസലിന്റേത് 1.46 രൂപ വര്‍ധിപ്പിച്ച് 7.96 രൂപയാക്കി ഉയര്‍ത്തിയിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം 2013-14ല്‍ 88,000 കോടിയായിരുന്നത് 1.99 ലക്ഷം കോടിയായാണ് 2015-16ല്‍ ഉയര്‍ന്നത്. പുകയില ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം 21,000 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ റീട്ടെയ്ല്‍ വില ഏറ്റവും കൂടുതലുള്ളത്. അതേ സമയം ഇന്ത്യയിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന വില മുന്‍ വര്‍ഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഏറെ കൂടുതലാണ്. 2004ല്‍ ബാരലിന് 112 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്ത് ഈടാക്കിയിരുന്ന തുകയേക്കാളും കൂടുതലാണ് ബാരലിന് 30 ഡോളര്‍ മുതല്‍ 55 ഡോളര്‍ വരെ വില വന്ന 2015-16ല്‍ ഈടാക്കിയത്.

chandrika: