ഗുവഹാത്തി: രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന് ആസാം സര്‍ക്കാര്‍ പുറത്തിറക്കിയ ജനസംഖ്യാ നയപരിപാടിയുടെ കരട് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലാതലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.
”രണ്ട് കുട്ടികളേക്കാളേറെയുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ല. ജനസംഖ്യാ നയപരിപാടിയുടെ കരട് രേഖയാണിത്”- ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ പറഞ്ഞു.
ഈ നിബന്ധന അനുസരിച്ച് ജോലിയില്‍ പ്രവേശിക്കുന്നവര്‍ തന്റെ ഉദ്യോഗമൊഴിയും വരെ ഇത് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വീട് നിര്‍മിച്ച് നല്‍കല്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഈ മാനദണ്ഡം നടപ്പാക്കും. ഇതിന് പുറമെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്് കീഴില്‍ നടക്കുന്ന പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മറ്റു സ്വതന്ത്രാധികാര കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കും ഇത് ബാധകമാക്കും”-ശര്‍മ പറഞ്ഞു.
ഫീസ്, ഗതാഗതം, പുസ്തകം, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയടക്കം സൗജന്യമായി നല്‍കി പെണ്‍കുട്ടികള്‍ക്ക സര്‍വകലാശാലാതലം വരെയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി കൂടിയായ ശര്‍മ വ്യക്തമാക്കി.
ആണ്‍കുട്ടികളുടെ വിവാഹപ്രായം 21ഉം പെണ്‍കുട്ടികളുടേത് 18ഉം ആക്കി ഉയര്‍ത്താനും ആലോചിക്കുമെന്നും ശിശുവിവാഹം നടത്തിയവര്‍ക്ക് സര്‍ക്കാര്‍ ജോലി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിനും അക്രമങ്ങള്‍ തടയാനുമാണ് പുതിയ നിയമങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.