ന്യൂഡല്‍ഹി: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കുന്ന കേന്ദസര്‍ക്കാര്‍ സമീപനത്തെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയാണെന്ന് അദേഹം ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. പ്രത്യയശാസ്ത്രത്തില്‍ വിയോജിപ്പുണ്ടെന്ന് കരുതി ക്ഷേമപദ്ധതികള്‍ പക്ഷപാതമാക്കരുതെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ഇ.ടി ബഷീര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക വര്‍ഷാവസാനം ബജറ്റ് വിഹിതം വിനിയോഗിക്കാതെ പാഴാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, മൗലാന ആസാദ് ഫെലോഷിപ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതികളായിരുന്നു. എന്നാല്‍ അതിന് വിലങ്ങാകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അദേഹം പറഞ്ഞു. ഇതിനെതിരെ തിങ്കളാഴ്ച സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേശീയ അഖണ്ഡതയും മതസൗഹാര്‍ദവും സാമാധാനപരമായ സഹവര്‍തിത്വവും ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യസമര ചരിത്രം പോലും തിരുത്തി എഴുതി യുവതലമുറയുടെ മനസ് മലിനമാക്കുകയാണെന്നും ബഷീര്‍ കുറ്റപ്പെടുത്തി.