ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി.
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്‍ നിരക്ക് പത്തിരട്ടിവരെയാണ് വര്‍ധിപ്പിച്ചത്. ലൈസന്‍സുടമയ്ക്ക് മറ്റൊരുവിഭാഗം വാഹനത്തിന് ലൈസന്‍സ് എടുക്കാനുള്ള ഫീസ് ഇരുനൂറില്‍നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് 5000 രൂപ നല്‍കണം. ഇരുചക്രവാഹനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഫീസ് 50 രൂപയാക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസ് രണ്ടായിരത്തിയഞ്ഞൂറില്‍നിന്ന് പതിനായിരം രൂപയായി വര്‍ധിപ്പിച്ചു. ഇവ കൂടാതെ സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസും മറ്റും കൂടിയാവുമ്പോള്‍ ഫീസ് നിരക്കുകളില്‍ ഇനിയും ഉയര്‍ച്ചയുണ്ടാവും.
മറ്റു നിരക്കുകളില്‍ വന്ന മാറ്റങ്ങള്‍
- ലേണേഴ്സ് ലൈസന്‍സ് ഫീസ് മുപ്പതില്‍നിന്ന് 150 രൂപയാക്കി.
- മുച്ചക്ര, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ രജിസ്ട്രേഷന്‍ ഫീസ് 300 രൂപ. നോണ്‍-ട്രാന്‍സ്പോര്‍ട്ടിന് 600, ട്രാന്‍സ്പോര്‍ട്ട് 1000.
- ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുള്ള ഫീസ് അഞ്ഞൂറില്‍നിന്ന് 1000 രൂപയാക്കി.
- ഗ്രേസ് കാലയളവിനുശേഷം ലൈസന്‍സ് പുതുക്കുന്നതിന് 300 രൂപയാണ് ഫീസ്. വൈകിയാല്‍ വര്‍ഷംതോറും 1000 രൂപ അധികം നല്‍കണം.
- സ്മാര്‍ട്ട് കാര്‍ഡ് മാതൃകയിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് 200 രൂപ അധികമായി നല്‍കണം.
- ഉടമസ്ഥാവകാശ കൈമാറ്റം, വിലാസം മാറ്റല്‍ എന്നിവയ്ക്ക് രജിസ്ട്രേഷന്‍ ഫീസിന്റെ പകുതി ഫീസായി നല്‍കണം.
- ഇടത്തരം ഗുഡ്സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് നാനൂറില്‍നിന്ന് 1000 രൂപയായി ഉയര്‍ത്തി.
- ഹെവി ഗുഡ്സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് അറുനൂറില്‍നിന്ന് 1500 രൂപയായി ഉയര്‍ത്തി.
- ഇറക്കുമതിചെയ്യുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് എണ്ണൂറില്‍നിന്ന് 5000 രൂപയാക്കി.
- ഇറക്കുമതിചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് ഇരുനൂറില്‍നിന്ന് 2500 രൂപയാക്കി.
- മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് മുന്നൂറില്‍നിന്ന് 3000 രൂപയായി ഉയര്‍ത്തി.