ഇയാസ് മുഹമ്മദ്
വീഴ്ചകളും പരാജയങ്ങളും ഒന്നിനു പിറകെ ഒന്നായി പിന്തുടരുകയാണ് ഇടതുസര്‍ക്കാറിനെ. അതിനാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ വീണിടത്തു കിടന്നുരുളുകയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും ചെയ്തതും ഇതുതന്നെ. വീണിടത്ത് കിടന്നുരുണ്ട് സ്വയം ചെളിയഭിഷേകം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം ഗോള്‍പോസ്റ്റിലേക്ക് ഗോള്‍ പായിച്ച്, പരിക്ഷീണനായി നില്‍ക്കുന്ന മന്ത്രി മണിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ അസാമാന്യ ധൈര്യം കണ്ട് ഭരണപക്ഷ ബഞ്ചിലുള്ളവര്‍ പോലും അന്തംവിട്ടു. എങ്ങനെ അന്തം വിടാതിരിക്കും. ഗീബല്‍സ് പോലും തോറ്റുപോകുന്ന ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയത്.
മന്ത്രി എം.എം മണി രാജിവെക്കണമെന്ന ആവശ്യം കാര്യകാരണ സഹിതമാണ് പ്രതിപക്ഷം ഇന്നലെ സഭയില്‍ ഉന്നയിച്ചത്. മുമ്പ് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിനേക്കാള്‍ തീവ്രവും, അസാധാരണവുമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വളരെ വ്യക്തമായി അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിനെ സംബന്ധിച്ച് പെട്ടെന്ന് ഒരു മന്ത്രിയുടെ രാജി കൂടി അസഹ്യമാണ്. എട്ട് മാസത്തിനിടെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചൊഴിയേണ്ടി വന്നതിലെ ക്ഷീണം സര്‍ക്കാറിന് ഇനിയും തീര്‍ന്നിട്ടില്ല. മണിക്ക് മണി കെട്ടാന്‍ ഒരുങ്ങി പുറപ്പെട്ടാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ എത്തിയത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ എം.എം മണി നടത്തിയ മോശം പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. സ്ത്രീകളെ അധിക്ഷേപിച്ച് മന്ത്രി മണി പ്രസംഗിക്കുന്നത് ഇത് ആദ്യതവണയല്ലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മാത്രമല്ല, ജിഷ്ണു പ്രണോയിയുടെ അമ്മമഹിജക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടുള്ളയാളാണ് മണി. മകന്‍ നഷ്ടപ്പെട്ട അമ്മയെപ്പോലും മോശമായി പറയുന്ന മണി പ്രാകൃതനാണ്.മണിയുടേത് നാടന്‍ ശൈലിയാണെന്ന് പറഞ്ഞ് ഇടുക്കിക്കാരെ മുഴൂവന്‍ അപമാനിക്കരുത്. മാത്രമല്ല, ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.തൊടുന്യായമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സഭക്ക് പുറത്ത് മണിയെ തള്ളിയ പിണറായി സഭയില്‍ പക്ഷേ മലക്കംമറിഞ്ഞു. മണിയുടെ സംസാരം ഗ്രാമീണ ശൈലിയെന്ന പതിവ് പ്രതിരോധമാണ് മുഖ്യമന്ത്രി നടത്തിയത്. ഇടുക്കിയിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ് മണി. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. ചില മാധ്യമങ്ങള്‍ മണിയുടെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് മണിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. മണി പറഞ്ഞതെല്ലാം ശരിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു മറുപടിയിലൂടെ.
മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ മണിക്ക് വിശദീകരണത്തിന് അവസരം നല്‍കാന്‍ സ്പീക്കര്‍ മുതിര്‍ന്നത് പ്രതിപക്ഷം എതിര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഇ.എം.എസിന്റെ പാര്‍ട്ടിയല്ല, മറിച്ച് എം.എം മണിയുടെ പാര്‍ട്ടിയായി മാറിയെന്ന് തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.പി ജയരാജന്റെയും ശശീന്ദ്രന്റെയും വിഷയത്തിലുണ്ടായ ഗൗരവം മണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇല്ല. എം.എം മണിക്ക് എന്തുവേണേലും പറയാം. പക്ഷേ ഒരു മന്ത്രി പറയരുത്. മണി സ്ത്രീത്വത്തെ അപമാനിച്ചതു എല്ലാവര്‍ക്കും ബോധ്യമായിട്ടും മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടില്ല. ബോധ്യമാകാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ്. മണിയുടെ പ്രസ്താവനയെ സഭ ഒറ്റക്കെട്ടായി അപലപിക്കണം. അദ്ദേഹം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം- ചെന്നിത്തല പറഞ്ഞു.
മണിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു: ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നോട് വിരോധമുണ്ട്. സ്ത്രീയെന്ന വാക്കോ, ഏതെങ്കിലും സ്ത്രീകളുടെ പേരോ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ സംഘടനക്കാരല്ല ഇപ്പോള്‍ മൂന്നാറില്‍ സമരം നടത്തുന്നത്. പ്രൊഫസര്‍മാരുടെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ ചുവടു പിടിച്ചായിരുന്നു മണിയുടെ വിശദീകരണം. ഈ വിഷയത്തില്‍ നടപടിയെടുക്കാതെ സഭാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ തീരുമാനം. സര്‍ക്കാര്‍ വെട്ടിലാകുന്ന നിരവധി വിഷയങ്ങളാണ് മുന്നില്‍. മൂന്നാര്‍ കയ്യേറ്റവും മന്ത്രി മണിയുടെ അസഭ്യചുവയുള്ള പ്രസംഗവും ഒരു വിഷയം മാത്രമാണ്. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേറ്റ പരാജയം സര്‍ക്കാറിനെ അലട്ടുന്നുണ്ട്. സര്‍ക്കാറും പ്രതിപക്ഷവും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ നാവു പിഴകള്‍. പാപ്പാത്തി ചോലയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചപ്പാത്തി ചോലയാക്കിയപ്പോള്‍ തിരുവഞ്ചൂരിനെ പെമ്പിളൈ ഒരുമൈ എന്ന സംഘടന വല്ലാതെ ബുദ്ധിമുട്ടിച്ചു. രാജി എന്ന വാക്ക് നിരവധി തവണ കേട്ടതു കൊണ്ടാകാം സഭയില്‍ നിന്ന് കെ.എം മാണിയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും രാജിവെച്ചത്. കുറച്ചുനേരം സഭക്ക് തന്നെ ഒന്നും മനസ്സിലായില്ല. ഒടുവില്‍ സ്പീക്കര്‍ രാജിവെക്കുകയാണോയെന്ന് മാണിയോട് ചോദിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ അത് നിയമപ്രശ്‌നമായേനെ. നിരവധി തവണ നിയമവകുപ്പ് കൈകാര്യം ചെയ്ത പരിചയം ഉണ്ടെങ്കിലും പൊല്ലാപ്പ് വന്നാല്‍ വഴിയില്‍ തങ്ങില്ല. നാക്ക് പിഴ കൊണ്ട് സമ്പന്നമായ ദിനത്തില്‍ കളിയും കാര്യവും വല്ലാതെ ഇഴചേര്‍ന്നാണ് സഭയെ നയിച്ചത്.