X

നോട്ടു നിരോധനം; ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായി കേന്ദ്രത്തിന്റെ കുറ്റസമ്മതം

ന്യൂഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് നാല് പേര്‍ മരണപ്പെട്ടതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കുറ്റസമ്മതം. നോട്ടു നിരോധനത്തിന്റെ ആഘാതം സംബന്ധിച്ച കര്യങ്ങളില്‍ രാജ്യസഭയിലാണ് ജയ്റ്റ്‌ലി രംഗത്തെത്തിയത്.

നോട്ട് നിരോധന കാലത്ത് മാനസികാഘാതത്താലും ജോലി സമ്മര്‍ദ്ദത്താലും ബാങ്ക് ജോലിക്കാര്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട് എന്ന സഭയിലെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മൂന്ന് ബാങ്ക് ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പെടെ നാലു പേര്‍ നോട്ടു നിരോധനകാലത്ത് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഉപഭോക്താവിന്റെ കുടുംബത്തിന് നല്‍കിയ മൂന്ന് ലക്ഷം ഉള്‍പ്പെടെ 44 ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നോട്ടു നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതിന് ചെലവായി തുകയും കേന്ദ്രമന്ത്രി പുറത്തുവിട്ടു. ആദ്യമായാണ് നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായി മോദിസര്‍ക്കാര്‍ സമ്മതിക്കുന്നത്. അതേസമയം രാജ്യത്തിന്റെ മറ്റു പ്രധാന മേഖലകളായ ചെറികിട വ്യവസായം, കൃഷി, തൊഴില്‍ എന്നിവിടങ്ങളില്‍ നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

കള്ളപണം പിടിക്കാന്‍ എന്നപേരില്‍ 2016 നവംബര്‍ എട്ട് അര്‍ദ്ധരാത്രിയിലാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500, 1,000 രൂപാ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടന്നത്.

chandrika: