X

സര്‍ക്കാര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റം, ശ്രമിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാന്‍: വി.ഡി സതീശന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ശ്രമിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ചെയ്യുന്നത് ക്രിമിനല്‍കുറ്റമാണ്. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കുറ്റകൃത്യങ്ങള്‍ നടന്നെന്ന് മനസിലായാല്‍ നടപടി എടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

‘റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒളിച്ചുവെച്ചത് തെറ്റാണ്. അന്വേഷണം നടത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. വനിതാ ഐപിഎസ് ഓഫീസറെ കൊണ്ട് സംഭവങ്ങള്‍ അന്വേഷിപ്പിക്കണം. സര്‍ക്കാര്‍ പറയുന്ന ന്യായീകരണം പച്ചക്കള്ളമാണ്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറയാന്‍ ജസ്റ്റിസ് ഹേമയ്ക്ക് അധികാരമില്ല.

കോണ്‍ക്ലേവിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍. കോണ്‍ക്ലേവിലൂടെ സ്ത്രീകളെ വീണ്ടും അപമാനിക്കുന്നു. എന്തൊരു അസംബന്ധമാണ് സര്‍ക്കാര്‍ പറയുന്നത്. ആരോപണ വിധേയര്‍ക്കൊപ്പം കോണ്‍ക്ലേവ് നടത്താനാകില്ല. അന്വേഷണം നടത്തി കുറ്റക്കാരുടെ പേര് പുറത്തുവിടണം.

ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞവര്‍ എന്തിനാണ് ഇപ്പോള്‍ പേടിക്കുന്നത്. കോടതി പറഞ്ഞാല്‍ കേള്‍ക്കാമെന്ന് പറയുന്നതില്‍ എന്താണ് ന്യായീകരണം. ഒരു സംസ്ഥാനത്ത് നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. സര്‍ക്കാരിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിക്കരുത്. സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് കേരളത്തിന് അപമാനമാണ്. നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടരുത്. പവര്‍ ലോബികളുടെ പേര് പുറത്തുവരണം’, വി ഡി സതീശന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

webdesk13: