കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുന്നു. ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക. ഇതിന് പുറമേ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്ക് കിറ്റ് നല്‍കും. കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതോടെ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. ഇതിന് മാത്രം 30 കോടി രൂപ വേണ്ടിവരും. മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന 35.52 ലക്ഷം പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാന്‍ 300 കോടി രൂപ ചെലവ് വരും.
കഴിഞ്ഞതവണ ഓണക്കിറ്റ് വിതരണം ചെയ്ത വകയില്‍ സര്‍ക്കാരിനുള്ള ചെലവ് 425 കോടിയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും നല്‍കിയത്. അന്ന് 90 ലക്ഷം കാര്‍ഡ് ഉടമകളാണുണ്ടായിരുന്നത് ഇന്ന് 93.76 ലക്ഷം കാര്‍ഡ് ഉടമകളുണ്ട്. കഴിഞ്ഞ തവണ കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ ഇനത്തില്‍ 45 കോടി രൂപ നല്‍കാനുണ്ട്. ഇത് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇതിനുള്ള തുകയും കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പ്.