X

ബജറ്റ് വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു, നഷ്ടമായത് 3000 കോടി; പ്രതിഷേധവുമായി എല്‍.ജി.എം.എല്‍

തിരുവനന്തപുരം : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാതെ സര്‍ക്കാര്‍ കബളിപ്പിച്ചുവെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് (എല്‍.ജി.എം.എല്‍). ഇതിലൂടെ 3000 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്.

സര്‍ക്കാര്‍ പിടിച്ചു വെച്ച തുക ഈ വര്‍ഷം അധിക വിഹിതമായി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ശക്തമായ പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വരുമെന്നും എല്‍.ജി.എം.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഷറഫുദ്ദീന്‍, ഭാരവാഹികളായ സി.മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, അഡ്വ.എ.കെ മുസ്തഫ പെരിന്തല്‍മണ്ണ, ഗഫൂര്‍ മാട്ടൂല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, പ്രവൃത്തി പൂര്‍ത്തീകരിച്ചപ്പോള്‍ പണം അനുവദിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടിയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല.

അനുവദിച്ച ബജറ്റ് വിഹിതത്തില്‍ തന്നെ 487.8 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് ബില്ലുകളും 668.32 കോടി രൂപയുടെ വികസന ഫണ്ട് ബില്ലുകളും മാര്‍ച്ച് 31ന് ശേഷം തുക അനുവദിക്കാതെ തിരിച്ചു നല്‍കി. ഇത്ര വലിയ തുകയുടെ ബില്ലുകള്‍ മടക്കിയ നടപടിയും അസാധാരണമാണ്. മാര്‍ച്ച് 27 വരെ മാത്രമാണ് ട്രഷറികളില്‍ ബില്ല് സ്വീകരിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാര്‍ച്ച് 31ന്‌ശേഷം ട്രഷറികളില്‍ നിന്നും മടക്കി നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ട്രഷറി കുരുക്ക് ആരംഭിച്ചു. ഇത്തവണ ഒക്ടോബര്‍ മുതല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ബജറ്റ് വിഹിതം വൈകിപ്പിക്കുകയുമാണുണ്ടായത്. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കാതെ ബില്ല് തിരിച്ച് നല്‍കിയ നടപടി തദ്ദേശസ്ഥാപനങ്ങളെ തളര്‍ത്തും.

തിരിച്ചു നല്‍കിയ ബില്ലുകളുടെ തുക 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തണമെന്ന നലിപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ സാഹചര്യമുണ്ടായാല്‍ നിലവില്‍ അംഗീകാരം വാങ്ങിയ 2024-25 വര്‍ഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും. സര്‍ക്കാറിന്റെ വികലമായ നയങ്ങള്‍ മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിവെക്കാനാണ് ധനവകുപ്പ് ശ്രമിച്ചത്.

തിരിച്ച് നല്‍കിയ ബില്ലുകളുടെ തുക അധിക വിഹിതമായി അനുവദിക്കുന്നതിനും 2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും അവസാന ഗഡുക്കള്‍ പൂര്‍ണ്ണമായും 2024-25 വര്‍ഷത്തില്‍ അധിക വിഹിതമായി അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 24 മുനിസിപ്പാലിറ്റികള്‍ക്ക് തടയപ്പെട്ട ധനകാര്യ കമ്മീഷന്‍ ഗ്രാന്റും 2024-25 വര്‍ഷത്തില്‍ അധികമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

webdesk13: