സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി, അവര്‍ക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രി; പ്രതിപക്ഷ നേതാവ്‌

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാല എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഒരു വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടില്ല.മാറിയ മദ്യനയ പ്രകാരം ബ്രൂവറിക്ക് അനുമതി നല്‍കിയത് ആരും അറിഞ്ഞില്ല. മാറിയ മദ്യ നയത്തിന്റെ ഭാഗമായി മദ്യനിര്‍മ്മാണശാല തുടങ്ങുന്നത് ആരും അറിഞ്ഞില്ല. ആകെ അറിഞ്ഞത് ഒയാസിസ് കമ്പനി മാത്രം ആണെന്ന് വിഡി സതീശന്‍ ആരോപിച്ചു.

മദ്യനയം മാറും മുന്‍പ് കമ്പനി അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് എങ്ങിനെ അവര്‍ അറിഞ്ഞു, കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയാണ് കമ്പനി. ഈ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞില്ല. ഇതിന് പിന്നില്‍ ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഭൂഗര്‍ഭ ജലം മലിനമാക്കിയതിലെ പ്രതിയാണ് ഓയാസിസ് കമ്പനി.

ഈ പ്ലാന്റിന് ഒരു ദിവസം 50 ദശലക്ഷം മുതല്‍ 80 ദശലക്ഷം ലിറ്റര്‍ വരെ വെള്ളം ആവശ്യമുണ്ട്, കമ്പനിക്ക് വേണ്ടി വാദിക്കുന്നത് മന്ത്രിയാണ്. കോണ്‍ഗ്രസിനേക്കാള്‍ നന്നായി കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് അറിയാവുന്നത് സിപിഐക്കാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

ഭൂഗര്‍ഭ ജലം ഇല്ലാത്തതുകൊണ്ട് ഒരുപാട് പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നായിരുന്നു പാലക്കാട് എം പിയായിരിക്കെ മന്ത്രി പറഞ്ഞത്. സന്തുലിത പദ്ധതികള്‍ മാത്രമേ ഇവിടെ പറ്റൂ എന്ന് ആണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇന്നിപ്പോള്‍ അദ്ദേഹം മന്ത്രി ആയപ്പോള്‍ ആ സാഹചര്യം എങ്ങനെ മാറി? ഭൂഗര്‍ഭ ജലം കുറവായ സ്ഥലത്ത് ആണ് വെള്ളം അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ബ്രൂവരി തുടങ്ങാന്‍ പോകുന്നത്. മദ്യനയം മാറിയത് കേരളത്തില്‍ ആരും അറിഞ്ഞില്ല, എന്നാല്‍ മധ്യപ്രദേശുകാര്‍ അറിഞ്ഞു. കോളജ് നിര്‍മ്മിക്കാനെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയത്. പിന്നില്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

webdesk13:
whatsapp
line