കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഒടുവില്‍ അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്തത്.
പ്രവാസി വ്യവസായിയായ സാജന്‍ 15 കോടിയോളം രൂപ ചിലവഴിച്ചാണ് ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. സി.പി.എം അപ്രമാധിത്യമുള്ള ആന്തൂര്‍ നഗരസഭ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയില്ല. ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം അനുമതി നല്‍കില്ലെന്നായിരുന്നു നഗരസഭാ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായി പി.കെ ശ്യാമള സാജനോട് പറഞ്ഞത്.
നാല് മാസം നിരന്തരം നഗരസഭാ അധികൃതരെ സമീപിച്ചിട്ടും അനുമതി കിട്ടാതായതോടെ സാജന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്ന് കുറ്റാളിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ സാജന്‍ തൂങ്ങിമരിക്കുകയായിരുന്നു.