സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ നല്‍കേണ്ട ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിരുന്ന അപ്പീല്‍ ഫീസ് ഇരട്ടിയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീല്‍ നല്‍കേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.
നേരത്തെ തന്നെ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം അറിയിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നില്ല. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ തലത്തില്‍ അഞ്ഞൂറ് രൂപ എന്നത് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഉപജില്ലാ തലത്തില്‍ ആയിരം എന്നത് രണ്ടായിരവും ജില്ലാ തലത്തില്‍ രണ്ടായിരം എന്നത് അയ്യായിരവും ആയി വര്‍ധിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസ്തുത ഫീസ് രണ്ടായിരത്തി അഞ്ഞൂറില്‍ നിന്ന് പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ മുകളില്‍ ഭാരമാകുന്ന അവസ്ഥയാണ്. അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ ഈ കൊള്ളയില്‍ നിന്ന് പിന്‍മാറണം. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന : സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു