തിരുവനന്തപുരം: കൃത്യസമയത്ത് ഓഫീസില്‍ വരാതിരിക്കുക, ഒപ്പിട്ട് മുങ്ങുക, ഓഫീസ് സമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക തുടങ്ങിയ ‘തട്ടിപ്പ് തരികിട’കളുമായി നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധക്ക്. നിങ്ങള്‍ക്കു മേല്‍ മൂന്നാം കണ്ണുമായി വിജിലന്‍സ് ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി മുതല്‍ ഏതു നിമിഷവും വിജിലന്‍സ് കടന്നു വരാം. ഏത് സമയവും സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിക്കാനുള്ള അനുമതി വിജിലന്‍സിന് സര്‍ക്കാര്‍ നല്‍കി.
സര്‍ക്കാര്‍ ഓഫീസുകളുടെ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതുവരെ കൈക്കൂലി വാങ്ങുന്നത് തടയാന്‍ വേണ്ടി മാത്രമാണ് വിജിലന്‍സിനെ ഉപയോഗപ്പെടുത്തിയിരുന്നത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധനകളും നടപടികളും. എന്നാല്‍ ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം വിജിലന്‍സിന് സ്വമേധയാ നിരീക്ഷിക്കാം. മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി സീറ്റില്‍ ഇല്ലാത്തവര്‍ക്കെതിരെയും ക്രമക്കേട് നടത്തുന്നവരെയും നടപടി എടുക്കും.
ഇത് സംബന്ധിച്ച് വിജിലന്‍സിന്റെ എല്ലാ യൂണിറ്റ് മേധാവികള്‍ക്കും വിജിലന്‍സ് ഡയരക്ടര്‍ ലോക്നാഥ് ബെഹ്റ സര്‍ക്കുലറയച്ചു. മൂന്ന് മേഖലയായി തിരിച്ചാണ് വിജിലന്‍സ് സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളില്‍ ഒരോ എസ്.പിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതും സാധാരണക്കാര്‍ കൂടുതല്‍ എത്തുന്നതുമായ തദ്ദേശ സ്വയംഭരണം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരിക്കും വിജിലന്‍സിന്റെ നിരീക്ഷണം കൂടുതല്‍ ഉണ്ടാവുക.
പെരുമാറ്റ ദൂഷ്യമുള്ളവരും വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടാകും. ഓഫീസില്‍ മദ്യപാനം, പുകവലി എന്നിവ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിക്കും. ഓഫീസുകളിലെ ഹാജര്‍ബുക്ക് പരിശോധിക്കുക, വിവരാവകാശം, സേവനവകാശം എന്നിവ ഓഫീസുകളില്‍ പാലിക്കുന്നുണ്ടോ എന്നിവയും വിജിലന്‍സിന് പരിശോധിക്കാം.