X

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ അന്തിമ തീരുമാനം ഇന്ന്

മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീര്‍പ്പാക്കുന്നതിന് മുന്‍പ് സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്ന് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ വിശദീകരണം തേടാമെന്നുമാണ് നിയമോപദേശം. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ തിരികെ വരുന്നതിനെ സംബന്ധിച്ച് നല്‍കിയ കത്തിന്മേലാണ് രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നത്. വൈകീട്ടോടെ ഗവര്‍ണര്‍ തലസ്ഥാനത്ത് എത്തും. തുടര്‍ന്നായിരിക്കും സത്യപ്രതിജ്ഞയില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. നാലാം തീയതിയാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനായിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ ഭരണഘടനയെ പറ്റി വിവാദ പ്രസംഗം നടത്തിയത്. ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാന്‍ ജൂലൈ ആറിന് തന്റെ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

എന്നാല്‍ സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാന്‍ ഉദ്ദേശ്യം ഉണ്ടായിരുന്നിെല്ലന്നും തിരുവല്ല കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് സജി ചെറിയാന്റെ മന്ത്രിപദത്തെ സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.സജി ചെറിയാനെ മന്ത്രിസഭയില്‍ എടുക്കാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അറിയിച്ചു.

webdesk11: